


ന്യൂഡല്‍ഹി : കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന് രാജിവെച്ചു. രാജ്യസഭാ കാലാവധി പൂര്‍ത്തിയായതോടെയാണ് രാജി. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായിരുന്നു. രാജി രാഷ്ട്രപതി സ്വീകരിച്ചു. അദ്ദേഹത്തിന് ബിജെപി രാജ്യസഭാംഗത്വം നീട്ടിനല്‍കിയിരുന്നില്ല.
2024 ജൂണിലാണ് ജോര്‍ജ് കുര്യന് മൂന്നാം മോദി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയായത്. മന്ത്രിയായതിന് പിന്നാലെ 2024 ഓഗസ്റ്റില്‍ ഉപതെരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹത്തെ രാജ്യസഭാംഗമായി തെരഞ്ഞെടുത്തത്. ജൂണ്‍ 21ഓടെ രാജ്യസഭാ കാലാവധി കഴിഞ്ഞിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും അതില്‍ ജോര്‍ജ് കുര്യനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതോടെയാണ് കാലാവധി പൂര്‍ത്തിയായതിന് പിന്നാലെ രാജിവെച്ചിരിക്കുന്നത്.
മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു കുര്യന്. മധ്യപ്രദേശില്‍ ഒഴിവുവരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് തരുണ്‍ ചുഗ്, രജനീഷ് അഗര്‍വാള്‍ എന്നിവരെയാണ് ബിജെപി സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ജോര്‍ജ് കുര്യന് മത്സരിച്ചിരുന്നെങ്കിലും കനത്ത തിരിച്ചടിയേറ്റിരുന്നു.