


തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ തള്ളി മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. പിഎം ശ്രീയെ കുറിച്ച് ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗം ചര്‍ച്ച ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ മന്ത്രിസഭാ ഉപസമിതിയുടെ പരിശോധന തുടരുകയാണ്. റിപ്പോര്‍ട്ട് വന്ന ശേഷം യുഡിഎഫും സര്‍ക്കാരും മറുപടി പറയുമെന്നും പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിന് ലഭിക്കേണ്ട ഫണ്ട് കിട്ടാതാകും. അതുകൊണ്ട് ഒപ്പിട്ടതാണെന്നാണ് നിയമസഭയില്‍ കഴിഞ്ഞ സര്‍ക്കാര്‍ പറഞ്ഞതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘ഒപ്പിട്ടത് എല്‍ഡിഎഫ് സര്‍ക്കാരാണ്. അതില്‍ നിന്ന് ഊരാനാകുമോയെന്ന് അറിയാന്‍ സബ്കമ്മിറ്റി റിപ്പോര്‍ട്ട് വരണം. ഒരുനിലയ്ക്കും കേന്ദ്രം പറയുന്ന കണ്ടീഷനുകള്‍ പാഠ്യപദ്ധതിയിലോ സ്കൂളുകളുടെ തെരഞ്ഞെടുപ്പിലോ കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നില്ല. അങ്ങനെ ഒരുഘട്ടം വരുമ്പോള്‍ എന്തുവേണമെന്ന് അപ്പോള്‍ തീരുമാനിക്കും. ഇപ്പോ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത നൂറ് ശതമാനവും ഇല്ലാത്തതാണ്. ഇന്നലെ യുഡിഎഫ് യോഗം പിഎം ശ്രീ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല’- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞുവെന്നത് ശരിയാണ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെതായ ശൈലിയില്‍ മറുപടി പറഞ്ഞതാണ്. ഇക്കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ മന്ത്രിസഭാ ഉപസമിതിയുടെ പരിശോധന തുടരുകയാണ്. റിപ്പോര്‍ട്ട് വന്ന ശേഷം യുഡിഎഫും സര്‍ക്കാരും മറുപടി പറയും’- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേന്ദ്രസര്‍ക്കാറുമായി ധാരണാപത്രം ഒപ്പിട്ട സ്ഥിതിക്ക് പദ്ധതിയില്‍നിന്ന് പിന്മാറാന് കഴിയില്ലെന്നായിരുന്നു അടൂര്‍ പ്രകാശ് ഇന്നലെ യുഡിഎഫ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പറഞ്ഞത്. പദ്ധതി സംസ്ഥാനത്തെ ഏതൊക്കെ സ്കൂളുകളില്‍ നടപ്പാക്കണമെന്ന് യുഡിഎഫ് തീരുമാനിക്കും. കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട ഫണ്ട് ഔദാര്യമല്ലെന്നും, അത് നേടിയെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.