

കല്‍പ്പറ്റ : മുത്തങ്ങയിലെ ആദിവാസി സമരത്തിനിടെ കോണ്‍സ്റ്റബിള്‍ കെവി വിനോദ് കൊല്ലപ്പെട്ട കേസില്‍ ആദിവാസി നേതാവ് ഗീതാനന്ദന് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു. അബ്ദുല്‍ സലാമിനും വനപാലകര്‍ക്കും പരിക്കേറ്റ കേസില്‍ നാല് പ്രതികള്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തി. 1, 3, 5, 11 പ്രതികളാണ് കുറ്റക്കാര്‍. ഇവര്‍ക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചു. 23 മുതല്‍ 57 വരെയുള്ള പ്രതികള്‍ നിരപരാധികളാണെന്നും കോടതി പറഞ്ഞു. വയനാട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഇ അയൂബ്ഖാന് ആണ് വിധി പ്രസ്താവിച്ചത്.
പൊലീസുകാരനെ വധിക്കാൻ ശ്രമിച്ച കേസിൽ ഗീതാനന്ദൻ, ബിനു, രമേശൻ കോയാലിപ്പുര, അനിൽകുമാർ എന്നിവരെയാണു കുറ്റക്കാരായി കണ്ടെത്തിയത്. വിനോദിനെ കൊലപ്പെടുത്തിയത് രണ്ടാം പ്രതി അശോകനാണ്. ഇയാൾ നേരത്തെ മരിച്ചു. അശോകൻ ആണ് വിനോദിനെ അവസാനം വെട്ടിയത്. ഇതാണ് മരണ കാരണമെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതി മരിച്ചതിനാൽ ശിക്ഷ വിധിക്കുന്നില്ലെന്നും കോടതി പറഞ്ഞു. ഈ കേസിൽ മറ്റു പ്രതികളുടെ കുറ്റം തെളിയിക്കാനായില്ല. വിനോദ് വധത്തിൽ ഗൂഡാലോചനയും തെളിഞ്ഞില്ല. അതേസമയം, കേസ് നടത്തിപ്പിൽ തൃപ്തിയില്ലെന്ന് മരിച്ച വിനോദിന്റെ കുടുംബം മാധ്യമങ്ങളോടു പറഞ്ഞു.
അബ്ദുല്‍ സലാമിനെ ആക്രമിച്ച കേസില്‍ ഗീതാനന്ദന് ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞതായി കോടതി വ്യക്തമാക്കി. സംഭവം നടന്ന് 23 വര്‍ഷത്തിനുശേഷമാണ് വിധി പ്രസ്താവം. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ ഭൂസമരം നടത്തിയവര്‍ക്കുനേരെ 2003 ഫെബ്രുവരി 19ന് പൊലീസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിലാണ് കണ്ണൂര്‍ കെഎപി നാലാം ബറ്റാലിയനില്‍ കോണ്‍സ്റ്റബിള്‍ ആയിരുന്ന വിനോദ് കൊല്ലപ്പെട്ടത്.
പൊലീസ് വെടിവയ്പ്പില്‍ ആദിവാസി ജോഗിയും കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. കുടിലുകള്‍ക്ക് പൊലീസ് തീയിട്ടു. സമരക്കാര്‍ അമ്പും വില്ലും വടികളും ഉപയോഗിച്ച് പ്രതിരോധിച്ചു. ഇതിനിടെയാണ് വിനോദ് കൊല്ലപ്പെട്ടത്. പ്രതികള്‍ ഷെഡ്ഡുകള്‍ നിര്‍മിച്ച് ആയുധങ്ങളുമായി അനധികൃതമായി സംഘം ചേര്‍ന്നെന്നും കൊല്ലപ്പെട്ട ജോഗി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചെന്നും വിനോദിനെ വെട്ടിക്കൊന്നുവെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. കേസ് ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവില്‍ സിബിഐ ചെന്നൈ യൂണിറ്റുമാണ് അന്വേഷിച്ചത്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് എറണാകുളം സിബിഐ കോടതിയില്‍നിന്ന് കേസ് കല്‍പ്പറ്റയിലേക്ക് മാറ്റിയത്.
പ്രോസിക്യൂഷന്റെ വാദമനുസരിച്ച്, ഗൗണ്ടന്‍വയലിലെ തകരപ്പാടിയില്‍ നടന്ന ഏറ്റുമുട്ടലിനിടെ കോണ്‍സ്റ്റബിള്‍ വിനോദിനെയും മറ്റൊരു പൊലീസുകാരനെയും സമരക്കാര്‍ തടവിലാക്കിയിരുന്നു. സികെ ജാനുവിന്റെയും ഗീതാനന്ദന്റെയും നേതൃത്വത്തില്‍ 47 ദിവസമായി തുടരുകയായിരുന്ന സമരത്തിനിടെയായിരുന്നു സംഭവം. തടവിലാക്കപ്പെട്ട വിനോദിനെ പിന്നീട് കൊലപ്പെടുത്തിയെന്നതാണ് സിബിഐയുടെ കേസ്.
എന്നാല്‍, സംഭവത്തിന്റെ നിര്‍ണായക ഭാഗം നടന്ന കുടിലിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് നേരിട്ട് കണ്ട സാക്ഷികളില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സാക്ഷികള്‍ കുടിലില്‍ നിന്ന് അമ്പത് മീറ്ററിലധികം അകലെയായിരുന്നുവെന്നും തുടര്‍ച്ചയായ വെടിവയ്പ്പും ഗ്രനേഡ് സ്ഫോടനങ്ങളും മൂലമുണ്ടായ പുകയും കാരണം അകത്ത് നടന്നത് ആര്‍ക്കും കാണാനായില്ലെന്നും പ്രതിഭാഗം അഭിഭാഷകന് അഡ്വ. റഷീദ് കോടതിയില്‍ വാദിച്ചു.