


തിരുവനന്തപുരം : അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് ഹരിയാന സ്വദേശി ഗൗരവ് കുമാറിനെതിരെ പരാതി നല്കി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് തനിക്കെതിരെ ആരോപണം കെട്ടിച്ചമച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മാനനഷ്ടകേസ് ഫയല്‍ ചെയ്തത്. സത്കീര്‍ത്തിയും പ്രതിച്ഛായയും തകര്‍ക്കുകയാണ് ലക്ഷ്യമെന്നും കെ സി വേണുഗോപാല്‍ പരാതിയില്‍ പറയുന്നു.
ഹരിയാനയില്‍ 2024-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച പരാതി രണ്ടു വര്‍ഷം കഴിഞ്ഞ് 2026-ല്‍ മാത്രമാണ് ഉയര്‍ന്നുവന്നത്. ഇതു സംബന്ധിച്ച് വാര്‍ത്താസമ്മേളനം നടത്തുകയും പല മാധ്യമങ്ങളിലും വാര്‍ത്ത വരികയും ചെയ്തു. കൂടാതെ 23.2.26ല്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതിയും നല്കി. കൈരളി ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പ്രതി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നു. വ്യക്തമായ ലക്ഷ്യത്തോടെയാണ് ഈ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതെന്ന് കെസി വേണുഗോപാല്‍ പരാതിയില്‍ ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് അതിന്റെ മൂര്‍ധന്യത്തിലേക്കു കടക്കുമ്പോഴാണ് ആരോപണം പൊട്ടിമുളച്ചത്. അതിന് വ്യാപകമായ പ്രചാരണവും നല്കുന്നു. യുഡിഎഫ് അധികാരത്തില്‍ വരുന്നതു തടയാനുള്ള ഗൂഢാലോചന പരാതിക്കു പിന്നിലുണ്ടെന്നും ദീര്‍ഘകാലമായി പൊതുരംഗത്തു പ്രവര്‍ത്തിക്കുന്ന താന്‍ കഠിനാധ്വാനത്തിലൂടെ പടുത്തുയര്‍ത്തിയ യശസ് തകര്‍ക്കാനാണ് പരാതിക്കാരന്റെ ലക്ഷ്യമെന്ന് സംശയിക്കുന്നുവെന്നും കെ സി പറഞ്ഞു. നേരത്തെ അയച്ച വക്കീല്‍ നോട്ടീസിന് മറുപടി നല്‍കുകയോ ആരോപണം പിന്‍വലിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് കെ സി വേണുഗോപാല്‍ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം പരാതി ഫയല്‍ ചെയ്തത്.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റിനായി കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. ഹരിയാന മഹിളാ കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുചിത്രാദേവിയും ഭര്‍ത്താവ് ഗൗരവ് കുമാറുമാണ് പരാതിക്കാര്‍. പണം നല്‍കിയതിന്റെ കൃത്യമായ രേഖകള്‍ തന്റെ കൈവശം ഉണ്ടെന്നും ഗൗരവ് കുമാര്‍ പറഞ്ഞിരുന്നു.