


കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് അധികാരത്തിനായി തുടരുന്ന കോണ്‍ഗ്രസിലെ പോര് പുതിയ തലത്തിലേക്ക്. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതലയില്‍ നിന്ന് ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ഹൈബി ഈഡന് കത്ത് നല്കി. മുതിര്‍ന്ന നേതാക്കളെ അധിക്ഷേപിച്ചുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്തുവന്നതിന് പിന്നാലെയാണ് ചുമതലയൊഴിയാന്‍ ഹൈബി ഈഡന് തീരുമാനിച്ചതെന്നാണ് വിവരം. ഹൈബിയുടെ കത്തില്‍ കെപിസിസി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.
മുഖ്യമന്ത്രി കസേരയ്ക്ക് അവകാശവാദമുന്നയിക്കാന്‍ രമേശ് ചെന്നിത്തലയ്ക്കും കെ സി വേണുഗോപാലിനും വി ഡി സതീശനും വേണ്ടി ഡിജിറ്റല്‍ മീഡിയ സെല്ലിലെ ഭാരവാഹികള്‍ സൈബര്‍ ഇടത്തില്‍ ചേരിതിരിഞ്ഞ് പോരടിക്കുകയാണ്.പാരമ്പര്യം കൊണ്ടും സമരചരിത്രം കൊണ്ടും നേതൃസ്ഥാനത്തേയ്ക്ക് ചെന്നിത്തല യോഗ്യനാണെന്ന് സ്ഥാപിക്കാന്‍ പഴയ ചിത്രങ്ങള്‍ സഹിതം പ്രചാരണമാരംഭിച്ചു. മുതിര്‍ന്ന നേതാക്കളെ അധിക്ഷേപിക്കുന്നതിന് നേതൃത്വം നല്‍കിയത് വിമല ബിനുവാണെന്നാണ് ആരോപണം. കെ സുധാകരനെ അധിക്ഷേപിക്കുന്ന വിമല ബിനുവിന്റെ വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നിരുന്നു. ‘ഇലക്ഷന് 2026 വിഡിഎസ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റുകളായിരുന്നു പുറത്തുവന്നത്. വിമല ബിനുവായിരുന്നു ഇതിന്റെ അഡ്മിന്. ‘കണ്ണൂര്‍ സിഹം എന്നല്ല ഏത് കോണോത്തിലെ സിംഹം അലറിയാലും രാവും പകലും കഷ്ടപ്പെട്ടവന്റെ ഒപ്പം’ എന്ന ക്യാപ്ഷനോട് കൂടി വി ഡി സതീശന്റെ പടം വിമല ബിനു ഗ്രൂപ്പില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. റോജി എം ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അധിക്ഷേപത്തിനും ഈ ഗ്രൂപ്പില്‍ ആഹ്വാനം ചെയ്തിരുന്നു. വിമല ബിനുവിനെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം.
വിദ്യാര്‍ഥി, യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെത്തന്നെ ദേശീയ തലത്തില്‍ നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നെന്നും ഇന്ദിര, രാജീവ് തുടങ്ങിയവരോടെല്ലാം അടുപ്പമുണ്ടായിരുന്നു എന്നും ചെന്നിത്തലയ്ക്ക് വേണ്ടി വാദമുന്നയിച്ചു. ഒരു ദിവസമെങ്കിലും ജയിലില്‍ കിടന്നയാളെ മാത്രമേ പരിഗണിക്കാവൂ എന്ന ഒളിയമ്പുമായി അജയ് തറയിലും രംഗത്തെത്തി. എന്റെ സ്വപ്നത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്ന തലക്കെട്ടോടെ ഫെയ്സ്ബുക്ക് പോസ്റ്റിലിട്ട കുറിപ്പില്‍, ഒരു ദിവസമെങ്കിലും ജയിലില്‍ കിടന്നവനും ഒരിറ്റ് വെള്ളമെങ്കിലും ജലപീരങ്കിയില്‍നിന്ന് ശരീരത്തില്‍ പതിച്ചവനുമാകണം. താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ മാന്യമായി പരിഗണിക്കുന്നവനാകണം’ എന്ന് കൃത്യമായ സൂചനയും നല്‍കിയിട്ടുണ്ട്, എന്നായിരുന്നു അജയ് തറയിലിന്റെ പോസ്റ്റ്. എന്നാല്‍ ഒന്ന് ഒതുങ്ങിനിന്ന ചര്‍ച്ച വീണ്ടും കുത്തിപ്പൊക്കിയത് എന്തിനെന്ന ചോദ്യമാണ് സതീശന് പക്ഷക്കാര്‍ ഉയര്‍ത്തുന്നത്.