ടോക്കിയോ: ജപ്പാന്റെ ചാന്ദ്ര ദൗത്യമായ മൂണ്‍ സ്നൈപ്പര്‍ എന്ന സ്ലിം ചന്ദ്രനിലിറങ്ങി. സ്മാർട്ട് ലാൻഡർ ഫോർ ഇൻവസ്റ്റിഗേറ്റിംഗ് മൂൺ എന്നതിന്റെ ചുരുക്ക പേരാണ് സ്ലിം. ഷിലോയ് ഗർത്ത് പരിസരത്താണ് സോഫ്റ്റ് ലാന്‍ഡ് ചെയ്തത്.
ഇന്ത്യന്‍ സമയം ഇന്ന് രാത്രി 8.30നാണ് ലാന്‍ഡിംഗ് ആരംഭിച്ചത്. 20 മിനുട്ട് നീണ്ടുനിന്ന ലാന്ഡിംഗിനൊടുവില് പേടകം ചന്ദ്രനിലിറങ്ങി. സ്ലിം ദൗത്യത്തിലൂടെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാന്. രണ്ട് പര്യവേഷണ വാഹനങ്ങളുമായാണ് സ്ലിം ചന്ദ്രനിലേക്ക് പോയിട്ടുള്ളത്. ലാന്‍ഡിംഗിനുശേഷം പേടകത്തില്‍നിന്ന് ഇതുവരെ സിഗ്നല്‍ ലഭിച്ചിട്ടില്ല. പേടകത്തിലെ സോളാർ പാനലുകൾ പ്രവർത്തിക്കുന്നില്ല. ജപ്പാൻ ബഹിരാകാശ ഗവേഷണ ഏജൻസി ജാക്സ ആണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ പ്രധാന പേടകം അതിലെ ബാറ്ററി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.
എന്നാൽ ബാറ്ററിക്ക് ഒരു പരിധിയുണ്ടെന്നും തുടർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈദ്യുതിയില്ലെന്നും പ്രോജക്ട് മാനേജർ ഹിതോഷി കുനിനാക വ്യക്തമാക്കി.സോളാർ പാനൽ പ്രവർത്തിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.