മുംബൈ : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഐഒഎസ് 18.1 അവതരിപ്പിച്ച് ആപ്പിൾ. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ആകർഷകമായ ഒട്ടനവധി ഫീച്ചറുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. കോൾ റെക്കോർഡിങും ആപ്പിൾ ഇൻ്റലിജൻസുമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഐഫോൺ 15 പ്രോ മുതലുള്ള മോഡലുകളിലാവും ആപ്പിൾ ഇന്റലിജൻസ് ലഭ്യമാവുക. മാക്, ഐപാഡ് എന്നിവയുടെ പുതിയ വേർഷനുകളിലും ആപ്പിൾ ഇന്റലിജൻസ് ലഭ്യമാവും. ഐ.ഒ.എസ് 18 ഓപ്പറേറ്റിങ് സിസ്റ്റം ലഭ്യമാകുന്ന ഫോണുകളിൽ കോൾ റെക്കോഡിങ് ഫീച്ചറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
ആപ്പിൾ ഇൻ്റലിജൻസിൻസിൻ്റെ പ്രധാനപ്പെട്ട സവിശേഷത റൈറ്റിംഗ് അസിസ്റ്റൻ്റ് ആണ്. ഉപയോക്താക്കൾക്ക് തങ്ങളുടെ റൈറ്റിങ് സ്കില്ലുകൾ ഇതിലൂടെ മെച്ചപ്പെടുത്താനാകും. സിറിയുടെ അപ്ഡേറ്റാണ് മറ്റൊരു പ്രധാന സവിശേഷത. മുൻ കമാൻഡുകൾ ഓർത്തിരിക്കാനും ഫോളോ-അപ്പ് ചോദ്യങ്ങൾ കൂടുതൽ സ്വാഭാവികമായി കൈകാര്യം ചെയ്യാനും പുതിയ അപ്ഡേറ്റിലൂടെ സിറിക്ക് സാധ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.
ഐഫോൺ 16 സീരീസിലെ ക്യാമറ കൺട്രോൾ ബട്ടണിനായും കമ്പനി പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഐഒഎസ് 18.1 അപ്ഡേറ്റിലൂടെ, ഈ ബട്ടൺ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഫ്രണ്ട് ട്രൂഡെപ്ത് ക്യാമറയിലേക്ക് എളുപ്പത്തിൽ മാറാനാകും. ഐഒഎസ് 18ലുള്ള നിരവധി ബഗുകളും ആപ്പിൾ 18.1ലൂടെ പരിഹരിക്കുമെന്നാണ് റിപ്പോർട്ട്. ഐഫോൺ 16 സീരീസ് മോഡലുകളിൽ കണ്ടിരുന്ന അപ്രതീക്ഷിതമായി റീസ്റ്റാർട്ടാവുന്ന പ്രശ്നവും ഇതിൽ ഉൾപ്പെടും.
ഒരു ഫോട്ടോയിൽ നിന്ന് ആവശ്യമില്ലാത്ത വസ്തുക്കൾ ഒഴിവാക്കുന്ന ഫീച്ചറും ആപ്പിൾ ഇൻ്റലിജൻസിലുണ്ട്. എന്നാൽ സാംസങ് തങ്ങളുടെ മൊബൈലിൽ കുറച്ചുകാലം മുൻപ് തന്നെ ഈ ഫീച്ചർ കൊണ്ടുവന്നിരുന്നു. വരും മാസങ്ങളിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കാനാണ് ആപ്പിളിൻ്റെ പദ്ധതി.