ന്യൂയോർക്ക് : ഐഫോൺ 17 മോഡലുകളുടെ പണിപ്പുരയിലാണ് ആപ്പിൾ. സെപ്തംബറിൽ അവ ലോകത്തിന് മുന്നിൽ അവതരിപ്പിക്കും. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഐഫോൺ 17, 17 പ്രോ, 17 പ്രോ മാക്സ് എന്നിങ്ങനെയായിരിക്കും മോഡലുകളുടെ പേരുകള്‍.
ഫീച്ചറുകളിലെ മാറ്റങ്ങൾക്ക് പുറമെ ഈ ലൈനപ്പിൽ വരുന്ന ഒരു മാറ്റമാണ് ’17 എയർ’. നേരത്തെയുണ്ടായിരുന്ന പ്ലസ് മോഡലിന് ബദലായാണ് ‘എയർ’ വരുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ആപ്പിൾ ഇതുവരെ നിർമിച്ചതിൽ ഏറ്റവും കനംകുറഞ്ഞ മോഡലായിരിക്കും ഇതെന്നാണ്. ഐഫോൺ 6 ആയിരുന്നു ഏറ്റവും കനംകുറഞ്ഞ മോഡൽ. 6.9 മില്ലി മീറ്റര്‍ ആണ് ഇതിന് കനമുണ്ടായിരുന്നത്.
ഇതിനെയും പിന്നിലാക്കിയുള്ള നിർമിതിയാകും എയർ. പേര് സൂചിപ്പിക്കും പറന്ന് പോകുമോ എന്നാണ് സമൂഹമാധ്യമങ്ങളിൽ ആപ്പിൾ പ്രേമികൾ ചോദിക്കുന്നത്. എത്ര മെലിഞ്ഞ മോഡൽ ഇറക്കിയാലും ആപ്പിൾ കൊണ്ടുവരുന്ന ഫീച്ചറുകൾ എന്തൊക്കെയാകും എന്നും ആരാധകർ ഉറ്റുനോക്കുന്നു. മെലിഞ്ഞാലും ഫീച്ചറിലും വിലയിലും അത് പ്രതീക്ഷേണ്ട. റിപ്പോർട്ടുകളെ വിശ്വസിക്കുകയാണെങ്കിൽ 48 മെഗാപിക്സലിന്റെ ഒരൊറ്റ ബാക്ക് ക്യാമറയായിരിക്കും. ക്യാമറയിലെ ഫീച്ചറുകളിലും ആപ്പിൾ ചില കൗതുകങ്ങൾ ഒളിപ്പിച്ചുവെക്കാൻ സാധ്യതയേറെയാണ്. അതെല്ലാം വരും ദിവസങ്ങളിൽ പുറത്തുവരും.
ആപ്പിളിന്റെ ഏറ്റവും പുതിയ എ19 ചിപ് തന്നെയാകും എയറിലും ഉണ്ടാവുക. പ്രോ, പ്രോ മാക്സ് എന്നി മോഡലുകളിവും എ19 ചിപ് ആണ്. അതുകൊണ്ട് തന്നെ ‘എയര്‍ മോഡലിന്റെ’ പെർഫോമൻസ് വില കൂടിയ മോഡലുകളോട് കിടപിടിക്കുന്നത് തന്നെയായിരിക്കും.
അതേസമയം ലൈനപ്പുകളിലേക്ക് പുതിയ പരീക്ഷണങ്ങൾ ആപ്പിൾ അവതരിപ്പിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല. ആഫോൺ മിനി, ഐഫോൺ പ്ലസ് എന്നിവയൊക്കെ ഇങ്ങനെ കൊണ്ടുവന്നതാണ്. എന്നാൽ ഇതിലൊന്നും ഡിസൈൻ അടിസ്ഥാനത്തിൽ കാര്യമായ മാറ്റങ്ങളില്ലായിരുന്നു. ഇവിടെയാണ് ഏറ്റവും മെലിഞ്ഞ മോഡലുമായി 2025ൽ ആപ്പിൾ ഞെട്ടിക്കാൻ പോകുന്നത്.