വാഷിങ്ടണ്‍ : ഇലോണ്‍ മസ്കിന്റെ സ്വപ്നപദ്ധതിയായ സ്പേസ് എക്സ് സ്റ്റാര്‍ഷിപ് പ്രോട്ടോടൈപ് വിക്ഷേപിച്ചു മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നു. വ്യാഴാഴ്ച ടെക്സസില്‍ നിന്നായിരുന്നു വിക്ഷേപണം. റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ പതിക്കാതിരിക്കാനായി മെക്സിക്കോ ഉള്‍ക്കടലിനു മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ വഴിമാറിയാണു സഞ്ചരിച്ചത്. സ്പേസ് എക്സിന്റെ ഏഴാമത്തെ സ്റ്റാര്‍ഷിപ് പരീക്ഷണമായിരുന്നു.
സൗത്ത് ടെക്സസിലെ വിക്ഷേപണ കേന്ദ്രത്തില്‍നിന്നു പ്രാദേശിക സമയം 5:38നാണു ലോഞ്ച് ചെയ്തത്. 8 മിനിറ്റിനു ശേഷം, സ്പേസ്എക്സ് മിഷന് കണ്ട്രോളിനു സ്റ്റാര്‍ഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ദൗത്യം പരാജയപ്പെട്ടതായി സ്പേസ് എക്സ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ സ്ഥിരീകരിച്ചു.
സ്റ്റാര്‍ഷിപ്പിന്റെ സൂപ്പര്‍ ഹെവി ബൂസ്റ്ററില്‍നിന്ന് വിട്ടുമാറിയ അപ്പര്‍ സ്റ്റേജ് ആണ് പൊട്ടിത്തെറിച്ചത്. അതേസമയം, ബൂസ്റ്റര്‍ വിജയകരമായി താഴേക്ക് എത്തുകയും ലോഞ്ചിങ് പാഡിലെ കൂറ്റന്‍ ‘യന്ത്രക്കൈകള്‍’ അതിനെ സുരക്ഷിതമായി പിടിച്ചെടുക്കുകയും ചെയ്തു. ഭൂമിയിലേക്ക് തിരികെ എത്തിച്ച് പുനരുപയോഗിക്കാവുന്ന ബൂസ്റ്ററുകളാണ് സ്റ്റാര്‍ഷിപ്പിന്റെ പ്രത്യേകത. ആ ഘട്ടം വിജയിച്ചെങ്കിലും എഞ്ചിന് ഫയര്വോളിനു മുകളിലെ ഭാഗത്ത് ഓക്സിജന്‍/ഇന്ധന ചോര്‍ച്ച വന്നതോടെ കൂടുതല്‍ സമ്മര്‍ദം രൂപപ്പെട്ട് ഫസ്റ്റ് സ്റ്റേജ് ഭാഗം പൊട്ടിത്തെറിക്കുകയായിരുന്നു.
ഉയര്‍ന്ന ഘട്ടങ്ങളില്‍ സ്റ്റാര്‍ഷിപ് നേരത്തേയും പരാജയപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു ഇത്. ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളിലൂടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു തിരികെ പ്രവേശിക്കുമ്പോഴായിരുന്നു അപകടം.
‘വിജയം അനിശ്ചിതത്വത്തിലാണ്, പക്ഷേ വിനോദം ഉറപ്പാണ്’ എന്നായിരുന്നു വിഡിയോ പങ്കുവച്ച് ഇലോണ്‍ മസ്ക് എക്സില്‍ കുറിച്ചത്. മുന്‍ പതിപ്പുകളേക്കാള്‍ 2 മീറ്റര്‍ (6.56 അടി) ഉയരമുള്ളതായിരുന്നു പുതിയ സ്റ്റാര്‍ഷിപ്. ടെക്സസില്‍നിന്നു വിക്ഷേപിച്ച് ഒരു മണിക്കൂറിനുശേഷം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിയന്ത്രിതമായി തിരിച്ചിറക്കാനായിരുന്നു പദ്ധതി. മനുഷ്യരെയും സാധനങ്ങളെയും ചൊവ്വയിലേക്കു വിടാനും ഭൂമിയുടെ ഭ്രമണപഥത്തിലേക്കു ഉപഗ്രഹങ്ങളെ വിന്യസിക്കാനും കഴിയുന്ന റോക്കറ്റ് നിര്‍മിക്കാനുള്ള മസ്കിന്റെ പദ്ധതിയുടെ ഭാഗമാണു സ്റ്റാര്‍ഷിപ്.