ബഹിരാകാശത്ത് നടന്ന ആദ്യ സാധാരണക്കാരായി ജാറഡ് ഐസക്മാനും സാറാ ഗിലിസും. 55 വർഷങ്ങൾക്ക് മുൻപ് നാസയുടെ അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യരാശിയുടെ മറ്റൊരു കുതിച്ചുചാട്ടത്തിന് കൂടി വ്യാഴാഴ്ച ബഹിരാകാശം സാക്ഷ്യം വഹിക്കുകയായിരുന്നു. മനുഷ്യരെ ബഹിരാകാശത്ത് നടത്തുന്ന സ്വകാര്യദൗത്യമായ സ്പെയ്സ്എക്സിന്റെ പൊളാരിസ് ഡോണിന്റെ ഭാഗമായായിരുന്നു നടത്തം.
ജാറഡ് ഐസക്മാൻ (41) ആണ് ആദ്യമായി ബഹിരാകാശത്ത് ചുവടുവച്ചത്. പിന്നാലെ സ്പേസ് എക്സിലെ എൻജിനീയർ സാറാ ഗിലിസും (30). സ്പേസ് എക്സിന്റെ വെബ്സൈറ്റിലൂടെ ഈ ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്തു. ഐസക്മാന്റെയും സാറയുടെയും ബഹിരാകാശ നടത്തത്തിന് വേണ്ട എല്ലാ സഹായങ്ങളും ഒരുക്കി മുൻ വ്യോമസേനാ പൈലറ്റ് സ്കോട്ട് പൊടീറ്റ്, കേരളത്തിന്റെ മരുമകളു കൂടിയായ സ്പെയസ് എക്സിലെ എൻജിനീയർ അന്നാ മേനോൻ പേടകത്തിനടത്ത് തുടർന്നു.
ഭൂമിക്ക് 700 കിലോമീറ്റർ ഉയരത്തിലെ ഭ്രമണപഥത്തിൽ ഡ്രാഗൺ പേടകം നിലയുറപ്പിച്ച ശേഷമായിരുന്നു ബഹിരാകാശ നടത്തം (എക്ട്ര വെഹിക്കുലാർ ആക്ടിവിറ്റി). വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.42ന് എക്ട്ര വെഹിക്കുലാർ ആക്ടിവിറ്റി ഔദ്യോഗികമായി ആരംഭിച്ചു. അങ്ങകലെ നീലഭൂമിയെ കൺമുന്നിൽ കണ്ട ഐസക്മാൻ അതിമനോഹരമെന്ന് ഐസക്മാൻ പറയുന്നത് കാലിഫോർണിയയിലെ ഹോതോണിയിലുള്ള ദൗത്യ നിയന്ത്രണ കേന്ദ്രത്തിൽ മുഴങ്ങി. ഇവിഎ ചെയ്യുന്നതിന് മുൻപ് നാലു പേരും പ്രീബ്രീത്ത് ചെയ്തിരുന്നു. ശുദ്ധമായ ഓക്സിജൻ ശ്വസിച്ച് രക്തത്തിലെ നൈട്രജൻ അളവു ക്രമീകരിക്കുന്നതിനാണ് ഈ പ്രക്രിയ.
ഒരു മണിക്കൂർ 46 മിനിറ്റിൽ ഐസക്മാനും സാറയും ചേർന്നുള്ള ബഹിരാകാശ നടത്തം പൂർത്തിയായി. സ്പേസ് എക്സ് രണ്ടര വർഷം കൊണ്ട് വികസിപ്പിച്ചെടുത്ത ഇവിഎ സ്യൂട്ടുകൾ ധരിച്ചാണു സഞ്ചാരികൾ ബഹിരാകാശത്തു നടന്നത്. ബഹിരാകാശ നടത്തമെന്നാണ് പേരെങ്കിലും പേടകം വിട്ടിറങ്ങിയുള്ള നടത്തമായിരുന്നില്ല ഐസക്മാന്റെയും സാറയുടെയും നടത്തം. എങ്കിലും സാധാരണക്കാരായ മനുഷ്യരുടെ ധീരതയും പ്രകടനമെന്ന നിലയിലും സ്വകാര്യ കമ്പനിയുടെ ദൗത്യമെന്ന നിലയിലുമാണ് ഇതിന്റെ പ്രാധാന്യം. ഭാവിയിലേക്കുള്ള ദൗത്യങ്ങൾക്ക് ഇത് നിർണായക ചുവടുവയ്പാണ്.
2002-ൽ ഇലോൺ മസ്ക് രൂപം കൊടുത്ത കമ്പനിയാണ് സ്പെയ്സ് എക്സ്. ഈ മാസം 10ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നായിരുന്നു പൊളാരിസിന്റെ വിക്ഷേപണം