മാഡ്രിഡ് : സ്പെയിനിനെ ആഘോഷതിമിർപ്പിലാക്കി ലാ ടൊമാറ്റീന ഫെസ്റ്റിവൽ. ബ്യുനോൾ നഗരത്തിലെ തെരുവീഥികളിൽ കൂടിനിന്ന ജനക്കൂട്ടം പരസ്പരം തക്കാളി വാരിയെറിഞ്ഞ് ആഘോഷത്തിൽ പങ്കുചേർന്നു.
ബുധനാഴ്ച രാവിലെയാണ് സ്പെയിനിലെ ഏറ്റവും വലിയ വിനോദസഞ്ചാര ആകർഷണമായ ടൊമാറ്റീന ഫെസ്റ്റിവൽ അരങ്ങേറിയത്. നഗരാധികൃതർ ഏർപ്പാടാക്കിയ ട്രക്കിൽ നിന്ന് 120 ടൺ തക്കാളി വിനോദസഞ്ചാരികൾക്കായി എറിഞ്ഞുനൽകി. ആവേശഭരിതരായ ജനക്കൂട്ടം തക്കാളി പരസ്പരം വാരിയെറിഞ്ഞതോടെ ബ്യൂനോൾ പട്ടണം ചുവപ്പണിഞ്ഞു. 13 ഡോളർ മുതൽ മുകളിലേക്ക് വിലയുള്ള ടിക്കറ്റുകൾ വാങ്ങിയാണ് സഞ്ചാരികൾ ഫെസ്റ്റിവലിൽ പങ്കെടുത്തത്. ഫെസ്റ്റിവൽ അവസാനിച്ചയുടൻ നഗരാധികൃതർ ഹോസുമായി എത്തി തെരുവുകൾ വൃത്തിയാക്കി.
സ്പെയിനിലെ പ്രമുഖ തക്കാളി ഉൽപാദന കേന്ദ്രമായ ബ്യൂനോളിൽ 1945-ൽ കുട്ടികൾ തമ്മിൽ നടന്ന അടിപിടിക്കിടെ തക്കാളിയേറ് നടന്നിരുന്നു. ഇതിന്റെ സ്മരണയ്ക്കായി ആരംഭിച്ച ടൊമാറ്റീന ഫെസ്റ്റിവൽ 1980-ലാണ് ലോകശ്രദ്ധ ആകർഷിച്ചത്.