മോസ്കോ : ഔദ്യോഗിക കാര്യങ്ങൾക്ക് ഐ ഫോണും ഐ പാഡും ഉപയോഗിക്കുന്നത് വിലക്കി റഷ്യ. രാജ്യത്തിന്റെ ഡിജിറ്റൽ ഡെവലപ്പ്മെന്റ് മന്ത്രി മാക്സുറ്റ് ഷാദേവിന്റെയാണ് ഉത്തരവ്. ഇന്റർഫാക്സ് ന്യൂസ് ഏജൻസിയെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
സർക്കാർ ഉദ്യോഗസ്ഥർ ജോലി സംബന്ധമായ ആപ്പുകൾ ഉപയോഗിക്കുന്നതിനും ഇമെയിലുകൾ അയക്കുന്നതിനും ഐ ഫോണും ഐ പാഡും ഉപയോഗിക്കരുതെന്ന് മന്ത്രി നിർദേശിച്ചു. അതേസമയം, വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഐ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയിലെ സെക്യൂരിറ്റി ഏജൻസിയായ എഫ്എസ്ബി ആപ്പിൾ ഉപകരണങ്ങൾ വഴി യുഎസ് ചാരപ്രവർത്തനം നടത്തുന്നതായി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റഷ്യൻ നടപടി. അതേസമയം, സുരക്ഷാവീഴ്ചയെന്ന റഷ്യയുടെ വാദം ആപ്പിൾ നിരാകരിച്ചിട്ടുണ്ട്.