മോസ്കോ : ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തിന് വെല്ലുവിളിയുയർത്തി റഷ്യയുടെ ലൂണ-25 പേടകം വിജയകരമായി വിക്ഷേപിച്ചു. കഴിഞ്ഞ 47 വർഷത്തിനിടെ റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമാണിത്. ഈ മാസം 21ന് പേടകം ചന്ദ്രനെ തൊടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഷ്യൻ ബഹിരാകാശ കേന്ദ്രം അറിയിച്ചു. 23നാണ് ഇന്ത്യയുടെ ചന്ദ്രയാൻ-3 ചന്ദ്രന്റെ ഉപരിതലത്തിൽ പ്രവേശിക്കുക. റഷ്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെയാണ് വോസ്റ്റോഷ്നി കോസ്മോഡ്രോമില്നിന്ന് ലൂണ-25 വിക്ഷേപിച്ചത്. അഞ്ചുദിവസം കൊണ്ട് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലൂണാർ-25 ഇറങ്ങുക. ഇവിടെ ജലത്തിന്റെ നിക്ഷേപമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. 1976-നുശേഷം റഷ്യ ഇതാദ്യമായാണ് ചാന്ദ്രദൗത്യം നടത്തുന്നത്. 1976 വരെ പഴയ സോവിയറ്റ് യൂണിയനായിരുന്നു ചാന്ദ്രദൗത്യം നടത്തിയിരുന്നത്.