നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്ത ‘ഏഴ് കടൽ ഏഴ് മലൈ’ 46ാമത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ‘ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേൾഡ്’ എന്ന കാറ്റഗറിയിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഏപ്രിൽ 19 മുതൽ 26 വരെയാണ് ഫെസ്റ്റിവൽ. നേരത്തെ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ മികച്ച പ്രതികരണം സിനിമയ്ക്ക് ലഭിച്ചിരുന്നു.
‘പേരൻപ്’, ‘തങ്കമീൻകൾ’, ‘കട്രത് തമിഴ്’, ‘തരമണി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. പ്രണയത്തിന്റെയും സഹാനുഭൂതിയുടെയും അതിജീവനത്തിനത്തിന്റെയും സിനിമയാണ് ഏഴ് കടൽ ഏഴ് മലൈ. പ്രണയം വ്യത്യസ്തമായ രീതിയിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്ന ചിത്രമാണിത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയാണ് സംഗീതം പകരുന്നത്. തമിഴ് നടൻ സൂരിയും ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക.