ദാവോസ് : ലോകത്ത് 2020 മുതല്‍ അഞ്ച് സമ്പന്നരുടെ സമ്പത്ത് ഇരട്ടിയിലധികമായി വര്‍ദ്ധിച്ചതായും ദാരിദ്ര്യം ഇല്ലാതാക്കാന്‍ രണ്ട് നൂറ്റാണ്ടിലേറെ സമയമെടുക്കുമെന്നും ഓക്സ്ഫാം പഠന റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് കമ്പനികളില്‍ പത്തില്‍ ഏഴ് സ്ഥാപനങ്ങളുടെയും സിഇഒ അല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ ഷെയര്‍ ഹോള്‍ഡര്‍ ശതകോടീശ്വരന്മാരാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2023 ജൂണ്‍ വരെയുള്ള കാലയളവില്‍ ലോകത്തിലെ 148 വന്‍കിട കമ്പനികള്‍ 1.8 ട്രില്യണ്‍ ഡോളര്‍ സമ്പാദിച്ചുവെന്നാണ് കണക്കുകള്‍. 2018 മുതല്‍ 21 വരെയുള്ള മൂന്ന് വര്‍ഷത്തെ ശരാശരിയുടെ 52 ശതമാനം വര്‍ധനവാണിത്. കൂടാതെ സമ്പന്നരായ ഓഹരി ഉടമകള്‍ക്ക് വന്‍ തുക നല്‍കുകയും ചെയ്തു. അതേസമയം ദശലക്ഷക്കണക്കിന് ആളുകളുടെ ശമ്പളം വെട്ടിക്കുറച്ചതായും ലോക സാമ്പത്തിക ഫോറത്തിന്റെ (ഡബ്ല്യുഇഎഫ്) വാര്‍ഷിക യോഗത്തില്‍
വാര്‍ഷിക അസമത്വ റിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് ഓക്സ്ഫാം പറഞ്ഞു
നിലവിലെ അസമത്വം തുടര്‍ന്നാല്‍ ഇനി 229 വര്‍ഷം എടുത്താലും ലോകത്തുനിന്നും ദാരിദ്ര്യം തുടച്ചു നീക്കാനാകില്ലെന്നാണ് ഓക്സ്ഫാമിന്റെ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പൊതുസേവനങ്ങള്‍, കോര്‍പ്പറേറ്റ് നിയന്ത്രണം, കുത്തകകള്‍ തകര്‍ക്കുക, സ്ഥിരമായ സമ്പത്തും അധിക ലാഭ നികുതിയും ഏര്‍പ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടെയുള്ള പുതുയുഗം വേണമെന്നും ഓക്സ്ഫാം പറഞ്ഞു.