തിരുവനന്തപുരം : പ്രകൃതിക്ഷോഭം അടക്കമുള്ളവയെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കായി കേരളത്തിന് ലോകബാങ്ക് 1228 കോടിയുടെ വായ്പ അനുവദിച്ചു. പകര്‍ച്ചവ്യാധി, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ മൂലമുള്ള ദുരിതങ്ങള്‍ നേരിടുന്നതിനാണ് തുക. നേരത്തെ കേരളത്തിന് 125 മില്യണ്‍ ഡോളറിന്റെ ധനസഹായം ലോകബാങ്ക് പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേയാണ് പുതിയ വായ്പ. ഈ രണ്ടു പദ്ധതി വഴി വെള്ളപ്പൊക്കത്തിന്റെ കെടുതി നേരിട്ട ഏകദേശം 50 ലക്ഷം ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കാലാവസ്ഥ വ്യതിയാന മൂലം ദുരിതം അനുവദിക്കുന്ന കേരളത്തിന് ഇത് താങ്ങാവുമെന്നാണ് പ്രതീക്ഷ. തീരശോഷണം അടക്കം കാലാവസ്ഥ വ്യതിയാനം മൂലം സമീപകാലത്ത് കേരളം നേരിട്ട പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനാണ് വായ്പ അനുവദിച്ചത്. തീരശോഷണം തടയുന്നതിന് രൂപം നല്‍കിയിരിക്കുന്ന പദ്ധതികള്‍ക്ക് പണം വിനിയോഗിക്കാം. നിലവിലെയും ഭാവിയില്‍ ഉണ്ടാവാനിടയുള്ള തീരശോഷണവും കണക്കാക്കി നയങ്ങള്‍ക്ക് രൂപം നല്‍കാനും തുക വിനിയോഗിക്കാവുന്നതാണ്. കാലാവസ്ഥ ബജറ്റ് തയ്യാറാക്കുന്നതിനും സഹായകമാണ് വായ്പ. സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രകൃതിക്ഷോഭങ്ങളെ നേരിടാന്‍ കേരളത്തെ പര്യാപ്തമാക്കുക കൂടി വായ്പ വഴി ലക്ഷ്യമിടുന്നുണ്ട്.