മാഡ്രിഡ് : ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ വനിതാ താരം ജെന്നി ഹെർമോസോയെ ബലമായി ചുംബിച്ച സംഭവത്തിൽ രാജി പ്രഖ്യാപനവുമായി സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയി റൂബിയാലസ്.
എഫ്എ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നില്ലെന്നും പദവി ഒഴിയുകയാണെന്നും കാട്ടി ആക്ടിംഗ് പ്രസിഡന്റ് പെട്രോ റോച്ചയ്ക്ക് റൂബിയാലസ് കത്ത് നൽകി. നേരത്തെ, റൂബിയാലസിനെ 90 ദിവസത്തേക്ക് സസ്പെൻഡ് ചെയ്ത് ഫിഫ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
റൂബിയാലസ് നടത്തിയത് ലൈംഗികാതിക്രമം ആണെന്നാണ് ഹെർമോസോ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ സ്പെയിനിലെ പുതിയ നിയമം അനുസരിച്ച് നാല് വർഷം തടവുശിക്ഷ വരെ റൂബിയാലസിന് ലഭിക്കാം.
ഓഗസ്റ്റ് 20-ന് നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി കിരീടം നേടിയ ശേഷം ലാ റോജാസ് വിജയാഘോഷം നടത്തുന്നതിനിടെ, ഹെർമോസോയുടെ ചുണ്ടിൽ റൂബിയാലസ് ബലമായി ചുംബിക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു.
മറ്റ് താരങ്ങളുടെ കവിളിൽ ചെറുചുംബനം നൽകിയ റൂബിയാലസ് ഹെർമോസോയെ പിടിച്ചുനിർത്തി ചുണ്ടിൽ ചുംബിക്കുകയായിരുന്നു. റൂബിയാലസ് നടത്തിയത് ലൈംഗികാതിക്രമം ആണെന്നും വനിതാ താരങ്ങളെ കായികസംഘടനാ അധികൃതർ അടിമകളായി ആണ് കാണുന്നതെന്നും വ്യാപക വിമർശനം ഉയർന്നിരുന്നു.
സംഭവം വൻ വിവാദമായതിന് പിന്നാലെ ഖേദപ്രകടനവുമായി റൂബിയാലസ് രംഗത്തെത്തിയിരുന്നു. താൻ സ്നേഹം പ്രകടിപ്പിക്കാനായി ചെയ്ത നിസാരമായൊരു പ്രവർത്തിയാണ് ഇതെന്നും സംഭവത്തിൽ വിവാദമാക്കാനൊന്നുമില്ലെന്നുമാണ് റൂബിയാലസ് ആദ്യം സ്വീകരിച്ചിരുന്ന നിലപാട്.
താൻ ബലമായി ചുംബിച്ചെന്ന് ആരോപിക്കപ്പെടുന്ന ജെന്നി ഹെർമോസോ എന്ന താരമാണ് എല്ലാത്തിനും തുടക്കമിട്ടതെന്ന് റൂബിയാലസ് ആരോപിച്ചിരുന്നു.
സദസിൽ നിൽക്കുകയായിരുന്ന തന്നെ ആഹ്ലാദപ്രകടനത്തിനിടെ ഹെർമോസോ ചെറുതായി എടുത്തുയർത്തി. ഇതിനിടെ ഒരു ചെറു ചുംബനം നൽകാനുള്ള അനുവാദം താൻ ചോദിച്ചു. അവർ അതിന് അനുവാദം നൽകിയിരുന്നെന്നും റൂബിയാലസ് പറഞ്ഞിരുന്നു.