ടുണീഷ്യയിൽ സലൂണിൽ നിന്ന് ഹെയർ സ്ട്രെയ്റ്റനിങ് ചെയ്ത യുവതിക്ക് വൃക്കരോഗം പിടിപെട്ടു. ഫ്രാൻസിൽ നിന്നുള്ള ഒരുകൂട്ടം ഡോക്ടർമാരാണ് ഈ വിവരം പുറത്ത് വിട്ടത്. തുടർ പരിശോധനയിൽ യുവതിയുടെ രക്തത്തിൽ ക്രിയാറ്റിനിന്റെ അളവ് അധികരിച്ചതായി കണ്ടെത്തിയെന്നും അത് വൃക്കയുടെ തകരാറിന്റെ ലക്ഷണമായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുകയും ചെയ്തിരുന്നു.
മുമ്പ് ആരോഗ്യപ്രശ്നങ്ങളൊന്നും യുവതിക്ക് ഉണ്ടായിരുന്നില്ല. 2020 ജൂണിലാണ് യുവതി സലൂണിൽ ഹെയർ സ്ട്രെയ്റ്റൻ ചെയ്യാനെത്തിയത്. 2021 ഏപ്രിലിലും 2022 ജൂലൈയിലും ചെയ്തു. ഓരോതവണ ഹെയർ ട്രീറ്റ്മെന്റ് കഴിഞ്ഞുവരുമ്പോഴും ഛർദി, വയറിളക്കം, പനി, പുറംവേദന തുടങ്ങിയവ അനുഭവപ്പെട്ടിരുന്നുവെന്ന് പെൺകുട്ടി പിന്നീട് വ്യക്തമാക്കി. സ്ട്രെയ്റ്റൻ ചെയ്യുന്നതിനിടെ ശിരോചർമത്തിൽ നീറ്റൽ അനുഭവപ്പെട്ടിരുന്നുവെന്നും കഴിഞ്ഞതിനുശേഷം മുറിവുകൾ രൂപപ്പെട്ടിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു.
ഗ്ലയോക്സിലിക് ആസിഡ് എന്ന കെമിക്കൽ അടങ്ങിയ സ്ട്രെയ്റ്റനിങ് ക്രീമാണ് യുവതിയിൽ ഉപയോഗിച്ചിരുന്നത്. ഇതിനുപിന്നാലെ ഗ്ലയോക്സിലിക് ആസിഡും വൃക്കയുടെ തകരാറും സംബന്ധിച്ച ഡോക്ടർമാർ പഠനം നടത്തുകയും ചെയ്തു. എലികളിൽ നടത്തിയ പരീക്ഷണത്തിനൊടുവിൽ ഗ്ലയോക്സിലിക് ആസിഡ് ചർമത്തിലൂടെ വൃക്കയിൽ എത്തിയതാകാം പ്രശ്നമായതെന്ന് ഡോക്ടർമാർ കണ്ടെത്തി. ഗ്ലയോക്സിലിക് ആസിഡ് അടങ്ങിയ സൗന്ദര്യവർധക ഉത്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുന്നതും വിപണിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നതാണ് അഭികാമ്യമെന്നും ഡോക്ടർമാർ പറഞ്ഞു.
അടുത്തിടെ തൊലിവെളുക്കാനുള്ള വ്യാജക്രീമുകൾ ഉപയോഗിച്ചതിനേത്തുടർന്ന് വൃക്കരോഗമുണ്ടായ രണ്ടുപേരുടെ വാർത്ത റായ്ഗഡിൽ നിന്നു പുറത്തുവന്നിരുന്നു. മലപ്പുറത്തും സമാന സംഭവത്തേത്തുടർന്ന് എട്ടുപേർക്ക് വൃക്കരോഗം ബാധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.