


കൊച്ചി : വയറ്റിൽ കുടുങ്ങിയ കത്രിക (മൊസ്ക്കിറ്റോ ആർട്ടെറി ഫോർസെപ്സ്) നീക്കം ചെയ്തതിനു പിന്നാലെ ഉഷ ജോസഫ് കുട്ടി ആശുപത്രി വിട്ടു. കൊച്ചി അമൃത ആശുപത്രിയിലാണ് കത്രിക നീക്കം ചെയ്തത്. ഫെബ്രുവരി 19 നാണ് ഉഷയെ കെ.സി. വേണുഗോപാൽ എംപി ഇടപെട്ട് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2 ദിവസത്തിനുള്ളിൽ വയറ്റിൽ നിന്ന് കത്രിക നീക്കം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ആശുപത്രയിൽ നീരീക്ഷണത്തിലായിരുന്നു ഉഷ. ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരത്തോടെ ഡിസ്ചാർജ് ചെയ്യ്തു. മാതാ അമൃതാനന്ദമയി മഠം സൗജന്യ ചികിത്സ ചെയ്തു കൊടുക്കുകയായിരുന്നു. ഇവരുടെ ശരീരത്തിൽ നിന്നും ആർട്ടറി ഫോർസെപ്സ് (Artery forceps) എന്ന ശസ്ത്രക്രിയാ ഉപകരണം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു.
ശസ്ത്രക്രിയയ്ക്ക് അമൃത ആശുപത്രിയിലെ ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. ഒ.വി സുധീർ, യൂറോളജി വിഭാഗം മേധാവി ഡോ. കെ. വി സഞ്ജീവൻ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. രാധാമണി. കെ എന്നിവർ ആണ് നേതൃത്വം നൽകിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
അഞ്ച് വർഷം മുൻപാണ് ആലപ്പുഴ ടിഡി മെഡിക്കൽ കോളെജ് ആശുപത്രിയിൽ വച്ച് നടത്തിയ ഗർഭശയ മഴ നീക്കം ചെയ്യൽ ശസ്ത്രക്രിയക്കിടെ ഉഷയുടെ വയറ്റിൽ കത്രിക മറുന്നു വച്ചത്. ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം പുറത്താവുന്നത്.