താരതമ്യേന പഴയ സാങ്കേതികവിദ്യയായിട്ട് കൂടി ആശയവിനിമയത്തിനായി ഹിസ്ബുള്ള പേജറുകൾ തന്നെ ഉപയോഗിക്കുന്നത് ട്രാക്കിങ് ഒഴിവാക്കാൻ. ഇന്റർനെറ്റുമായി ബന്ധിപ്പിക്കാൻ കഴിയില്ല എന്നതിനാൽ മൊബൈൽ അല്ലെങ്കിൽ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുമ്പോൾ സാധാരണയായി കാണുന്ന സൈബർ ആക്രമണങ്ങളിൽ നിന്നും ചാര, നിരീക്ഷണ ശ്രമങ്ങളിൽ നിന്നും ഒരു പരിധി വരെ സുരക്ഷിതമാണ്. അതുകൊണ്ടാണ് ഇത് ഇപ്പോഴും സൈനിക, സുരക്ഷാ മേഖലകളിൽ ഉപയോഗിക്കുന്നത്. അത് തന്നെയാണ് ഹിസ്ബുല്ല അംഗങ്ങൾ ഈ ഉപകരണങ്ങൾ കൈവശം വയ്ക്കുന്നതിന്റേയും പ്രധാന കാരണം.
അതിനിടെ , ലെബനനിൽ പൊട്ടിത്തെറിച്ച കമ്യൂണിക്കേഷൻ ഉപകരണങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങൾക്കകം ഹിസ്ബുല്ല ഇറക്കുമതി ചെയ്ത ‘ഏറ്റവും പുതിയ മോഡൽ’ ആണെന്ന് അവർ സ്ഥിരീകരിച്ചതായി റോയിട്ടേഴ്സ് . ഹിസ്ബുല്ലയുമായി അടുത്ത ബന്ധമുള്ള ഉറവിടങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ വാൾസ്ട്രീറ്റ് ജേണൽ പത്രം റിപ്പോർട്ട് ചെയ്യുന്നതും ഈ ഉപകരണങ്ങൾ ഹിസ്ബുല്ല അടുത്തിടെ ഇറക്കുമതി ചെയ്തതാണെന്നാണ്. പേജറുകൾ തായ്വാനില് നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് കണ്ടെത്തി. ‘ഗോൾഡ് അപ്പോളോ’ എന്ന കമ്പനിയുടെ പേജറുകളാണ് പൊട്ടിത്തെറിച്ചത്. പുതിയ ഉപകരണങ്ങളാണ് പൊട്ടിത്തെറിച്ചതെന്ന സാധ്യതയാണ് ഇതിനുപിന്നിൽ ഇസ്രായേൽ എന്ന സംശയം വ്യാപകമാകാൻ കാരണമായത്.
ഇത്തരമൊരു ആക്രമണം എങ്ങനെ നടപ്പാക്കി എന്നതിനെക്കുറിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങൾ ഉണ്ടെങ്കിലും ഇതിനു പിന്നിൽ ഇസ്രായേൽ ആണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്. പേജറുകൾ എങ്ങനെ പൊട്ടിത്തെറിച്ചെന്ന് കൃത്യമായി അറിയാൻ കാത്തിരിക്കേണ്ടതുണ്ട്. ഇതിന്റെ കാരണങ്ങളെക്കുറിച്ചുള്ള പലതരം വിശദീകരണങ്ങൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും പ്രബലമായ വിശദീകരണം ഇതാണ്- ഹിസ്ബുല്ല അംഗങ്ങൾ ഉപയോഗിക്കുന്ന എല്ലാ പേജറുകളിലും ഒരു ചിപ്പ് ഇറക്കുമതി ചെയ്ത് സ്ഥാപിച്ചിരിക്കാം. ഇസ്രായേൽ സൈന്യം ലെബനനിലെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ച ഡ്രോണുകളിലൂടെ അയച്ച റേഡിയോ തരംഗങ്ങളിലൂടെയാണ് ഈ ചിപ്പ് ആക്ടിവേറ്റ് ചെയ്തത്. ഈ തരംഗങ്ങൾ വഴി ബാറ്ററി ചൂടാക്കി സ്ഫോടനം സാധ്യമാക്കിയതാവാം.
ലബനാനില്‍ ഹിസ്ബുല്ലയുടെ പേജറുകള്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. മൂവായിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 200 പേരുടെ നില ഗുരുതരമായി തുടരുന്നു. പിന്നില്‍ ഇസ്രായേലാണെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല അറിയിച്ചു. ആക്രമണത്തിന്റെ പൂർണ ഉത്തരവാദി ഇസ്രായേലാണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്. അവർക്ക് തക്കശിക്ഷ തന്നെ നൽകുമെന്നും ഹിസ്ബുല്ല വ്യക്തമാക്കുന്നു.