വാഷിംഗ്ടൺ : ജെഫ് ബസോസിനെക്കുറിച്ചുള്ള കാർട്ടൂൺ നിരസിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റിൽ നിന്ന് രാജിവെച്ച് കാർട്ടൂണിസ്റ്റ്. പുലിറ്റ്സർ സമ്മാന ജേതാവായ ആൻ ടെൽനേസ് ആണ് കമ്പനി മാനേജ്മെന്റിനെ രാജി അറിയിച്ചത്. വാഷിംഗ്ടൺ പോസ്റ്റിന്റെ ഉടമയും ശതകോടീശ്വരനുമായ ജെഫ് ബെസോസിനെ പരിഹസിക്കുന്ന കാർട്ടൂൺ ആണ് മാനേജ്മന്റ് തള്ളിയത്. ആമസോൺ സ്ഥാപകനാണ് ജെഫ് ബസോസ്.
ജെഫ് ബെസോസും മറ്റ് വ്യവസായികളും നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിമക്ക് മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന കാർട്ടൂണാണ് ആൻ ടെൽനേസ് വരച്ചത്. മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, ഓപ്പൺഎഐയുടെ സാം ആൾട്ട്മാൻ എന്നിവരും ഇക്കൂട്ടത്തിലുണ്ട്. ഒപ്പം കാർട്ടൂൺ കഥാപാത്രമായ മിക്കി മൗസും ട്രംപിന് മുൻപിൽ മുട്ടുകുത്തി നിൽക്കുന്നുണ്ട്. ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള എബിസി ന്യൂസിനെയാണ് മിക്കി മൗസ് പ്രതിനിധീകരിക്കുന്നത്.
എന്നാൽ കാർട്ടൂൺ പ്രസിദ്ധീകരിക്കാൻ പത്രം വിസമ്മതിക്കുകയായിരുന്നു. ഒരു സ്വതന്ത്ര മാധ്യമത്തിന് അങ്ങേയറ്റം അപകടകരമായ നടപടിയാണ് വാഷിംഗ്ടൺ പോസ്റ്റ് സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ടെൽനേസ് രാജിവെച്ചത്. 2008 മുതൽ വാഷിംഗ്ടൺ പോസ്റ്റിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ് ആൻ ടെൽനേസ്.
എന്നാൽ ആവർത്തനം ഒഴിവാക്കാനാണ് കാർട്ടൂൺ കൊടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് പത്രത്തിൻ്റെ എഡിറ്റോറിയൽ പേജ് എഡിറ്റർ ഡേവിഡ് ഷിപ്ലി പറഞ്ഞു. ഉടമയെ പരിഹസിച്ചതുമായി സംഭവത്തിന് ബന്ധമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.