മോസ്കോ : റഷ്യയിൽ വിമതനീക്കത്തിൽനിന്ന് വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്ഗിനി പ്രിഗോഷിൻ പിൻമാറിയതായി റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുമതിയോടെ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ നടത്തിയ മധ്യസ്ഥ ചർച്ചയെ തുടർന്നാണ് വാഗ്നർ ഗ്രൂപ്പ് മോസ്കോ ലക്ഷ്യമിട്ടുള്ള നീക്കത്തിൽനിന്ന് പിന്തിരിഞ്ഞതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗിനി പ്രിഗോഷിൻ ടെലഗ്രാമിൽ സന്ദേശം പങ്കുവച്ചിട്ടുണ്ട്.
മോസ്കോ ലക്ഷ്യമാക്കിയുള്ള നീക്കത്തിൽനിന്ന് പിൻമാറുന്നുവെന്നാണ് സന്ദേശത്തിന്റെ ചുരുക്കമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.റഷ്യയിൽ നടക്കുന്ന സംഭവവികാസങ്ങൾ ശനിയാഴ്ച രാവിലെ പുട്ടിൻ ബെലാറൂസ് പ്രസിഡന്റിനെ അറിയിച്ചിരുന്നു. തുടർന്നാണ് പ്രശ്നപരിഹാരത്തിനായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നീക്കം സജീവമായത്. ബെലാറൂസ് പ്രസിഡന്റ് മുന്നോട്ടുവച്ച ഒത്തുതീർപ്പ് വ്യവസ്ഥകൾ വാഗ്നർ ഗ്രൂപ്പ് അംഗീകരിച്ചതായാണ് റിപ്പോർട്ട്.മോസ്കോയ്ക്ക് 200 കിലോമീറ്റര്‍ അകലെ വരെ തന്റെ സേന എത്തിയിരുന്നതായാണ് പ്രിഗോസിന് പറയുന്നത്.
അതേസമയം, രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് പിൻമാറ്റമെന്ന് പ്രിഗോഷിൻ പ്രതികരിച്ചു. വാഗ്നര്‍ സേനയോട് ക്യാമ്പുകളിലേക്ക് മടങ്ങാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ തുടരാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ, വാഗ്നർ ഗ്രൂപ്പിലെ അയ്യായിരത്തിലധികം ആളുകളാണ് മോസ്കോ ലക്ഷ്യമാക്കി നീങ്ങിയിരുന്നത്. വാഗ്നർ ഗ്രൂപ്പിന്റെ ആയുധങ്ങൾ നിറച്ച വാഹനങ്ങൾ മോസ്കോ ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ മോസ്കോയിൽ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ജനങ്ങള്‍ വീടിനു പുറത്തിറങ്ങരുതെന്ന് മോസ്കോ മേയര്‍ നിർദ്ദേശം നൽകുകയും ചെയ്തു. പുട്ടിൻ മോസ്കോ വിട്ടതായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പ്രസിഡന്റിന്റെ വിമാനങ്ങളിലൊന്ന് മോസ്കോയിൽനിന്ന് പറന്നുയർന്നതാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്. എന്നാൽ ഇത് വാസ്തവരഹിതമാണെന്ന് പിന്നീട് തെളിഞ്ഞു .
ഒറ്റ ദിവസം കൊണ്ട് തീർത്തും അപ്രതീക്ഷിതമായ കാര്യങ്ങളാണ് റഷ്യയിൽ സംഭവിച്ചത്. എന്തു വിലകൊടുത്തും മോസ്കോ നഗരത്തെ വിമതരിൽ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു സൈന്യം. ഇതിനായി മോസ്കോ നഗരത്തിലേക്കുള്ള പ്രധാന പ്രവേശന കവാടമായ പാലം സൈന്യം തകർത്തു. മറ്റു പ്രവേശന കവാടങ്ങളും സൈന്യം അടച്ചു. വാഗ്നർ ഗ്രൂപ്പിന്റെ കടന്നുകയറ്റം തടയാനാണ് പാലം തകർത്തത്. വാഗ്നർ ഗ്രൂപ്പിനു നേരെ റഷ്യൻ ഹെലികോപ്റ്ററുകൾ ആക്രമണം നടത്തി. മോസ്കോയിൽ ഇന്റർനെറ്റ് സേവനം നിർത്തിവച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കുള്ള വാഹന ഗതാഗതം തടഞ്ഞു.
റഷ്യയിലെ മൂന്നു നഗരങ്ങളാണ് വിമതർ പിടിച്ചെടുത്തത്. ഇവിടങ്ങളിൽ വിമതർ പ്രധാന റോഡുകൾ അടച്ച് കുഴിബോംബുകൾ സ്ഥാപിച്ചിരുന്നു. വാഗ്നർ ഗ്രൂപ്പ് സംഘാംഗങ്ങളുടെ പട്രോളിങ്ങും സജീവമാക്കി. ഒരു കാലത്ത് പുട്ടിന്റെ അടുത്ത അനുയായിയായിരുന്ന പ്രിഗോഷിന് അടുത്തിടെയായി പ്രതിരോധ മന്ത്രാലയവുമായി കടുത്ത അകല്‍ച്ചയിലായിരുന്നു. യുക്രെയ്നില്‍ റഷ്യയ്ക്കു വേണ്ടി പൊരുതിയിരുന്ന വാഗ്നര്‍ ഗ്രൂപ്പ് പൊടുന്നനെ അവിടെനിന്ന് ദക്ഷിണ റഷ്യയിലെ റോസ്തോവ് മേഖലയിലേക്കു കടന്ന് സൈനിക കേന്ദ്രത്തിന്റെ ഉള്‍പ്പെടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. യുക്രെയ്നെതിരായ റഷ്യന്‍ സൈനിക നീക്കത്തില്‍ ഏറെ നിര്‍ണായകമായ സൈനിക കേന്ദ്രങ്ങളാണ് വാഗ്നർ ഗ്രൂപ്പ് രാവിലെ കയ്യടക്കിയത്. അര ലക്ഷത്തോളം വരുന്ന വാഗ്നർ കൂലിപ്പാട്ടാളത്തിൽ ഏറെയും മുൻ സൈനികരാണ്. 2014ൽ ക്രൈമിയ പിടിക്കാനുള്ള റഷ്യൻ സേനാനീക്കത്തിലാണ് ഇവർ ആദ്യം പങ്കാളികളായത്.