2024ൽ ഹിറ്റുകളുടെ തുടർച്ചയുമായി മലയാളം സിനിമ. വിഷു– ഈദ് റിലീസ് ആയി തീയറ്ററുകളിലെത്തിയ ‘ആവേശ’വും ‘വർഷങ്ങൾക്കു ശേഷ’വും കേരളത്തിൽ നിന്ന് ആദ്യ ദിനം വാരിയത് ആറരക്കോടി രൂപയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി തീയറ്ററുകളിൽ നിറഞ്ഞോടുന്ന ആടുജീവിതവും ഇന്നലെ രണ്ട് കോടി കളക്ഷന് നേടി. ഉണ്ണി മുകുന്ദൻ ചിത്രം ജയ് ഗണേശ് 50 ലക്ഷമാണ് ആദ്യ ദിനം നേടിയത്.
റമസാൻ കഴിഞ്ഞതോടെ ആടുജീവിതത്തിന്റെ കളക്ഷനും ഉയർന്നിരുന്നു. ആടുജീവിതം ആഗോള കലക്ഷൻ 130 കോടി പിന്നിട്ടു. ജിത്തു മാധവൻ ഒരുക്കിയ ഫഹദ് ഫാസില് ചിത്രം ആവേശം തന്നെയാണ് കളക്ഷനിൽ മുമ്പിലെന്നാണ് റിപ്പോർട്ടുകൾ. ഒന്നാം ദിനം ചിത്രത്തിന് ലഭിച്ച ട്രാക്ക്ഡ് കളക്ഷൻ ഏതാണ്ട് 3.5 കോടിയാണ്. വമ്പൻ താരനിരയുമായി എത്തിയ വിനീത് ശ്രീനിവാസൻ ചിത്രം ആദ്യം ദിനം ഇന്ത്യൻ ബോക്സ് ഓഫിസിൽ നിന്ന് മാത്രം 3 കോടി നെറ്റ് കളക്ഷന് നേടി. ഇരു ചിത്രങ്ങൾക്കും ആദ്യ ദിനം തന്നെ മികച്ച പ്രതികരണമായതിനാൽ ഈ അവധിക്കാലത്ത് ലോങ് റൺ ലഭിക്കാനുള്ള സാധ്യതകളാണ് കാണുന്നത്.
ഈ വർഷം ആദ്യം മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ബോക്സ് ഓഫിസ് വേട്ട തുടരുന്ന കാഴ്ചയാണ് തീയറ്ററുകളിലും കാണാനാകുന്നത്. മഞ്ഞുമ്മൽ ബോയ്സും പ്രേമലുവും കേരളത്തിന് അകത്തും പുറത്തും ഒരുപോലെ തിളങ്ങിയപ്പോൾ മമ്മൂട്ടിയുടെ ഭ്രമയുഗവും മികച്ച കളക്ഷനുമായി ഒപ്പമുണ്ടായിരുന്നു. പിന്നീട് പൃഥ്വിരാജ് സുകുമാരന്റെ ആടുജീവിതത്തിന്റെ ഊഴമായിരുന്നു. ഇപ്പോഴിതാ അതേ വീറോടെ തന്നെ ആവേശവും വർഷങ്ങൾക്കു ശേഷവും കുതിക്കുന്നു.