ഫഹദ് ഫാസിൽ-ജിത്തു മാധവൻ ടീം ഒന്നിച്ച ആവേശത്തിന് അഭിനന്ദനവുമായി തമിഴ് സംവിധായകൻ വിഘ്നേഷ് ശിവൻ. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ചിത്രത്തെ അഭിനന്ദിച്ച് താരം രംഗത്തെത്തിയത്. ഗംഭീര സിനിമാനുഭവമാണ് ആവേശമെന്നും സിനിമ അതിശയിപ്പിച്ചെന്നും വിഘ്നേഷ് ശിവൻ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസിൽ കുറിച്ചു. നിങ്ങൾ ഈ ഭൂമിയിലൊന്നുമുള്ളയാളല്ല എന്നാണ് ഫഹദിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഭ്രാന്തമായി എഴുതുകയും അതിശയകരമായി നടപ്പാക്കുകയും ചെയ്ത സിനിമയാണിതെന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ ജിത്തു മാധവനെയും സംഗീത സംവിധായകൻ സുഷിൻ ശ്യാമിനേയും മലയാള സിനിമയെ മൊത്തത്തിലും വിഘ്നേഷ് അഭിനന്ദിക്കുന്നുണ്ട്.
കഴിഞ്ഞദിവസം നടി നയൻ താരയും മലയാള സിനിമയെ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ചിരുന്നു. പ്രേമലു കണ്ട് ഇഷ്ടപ്പെട്ടെന്നാണ് താരം ഇൻസ്റ്റാഗ്രാം സ്റ്റാറ്റസിട്ടത്. നല്ല ചിത്രങ്ങൾ തന്നെ സന്തോഷിപ്പിക്കുമെന്നാണ് പ്രേമലുവിലെ ഒരു രംഗത്തിന്റെ സ്ക്രീൻഷോട്ടിനൊപ്പം നയൻതാര എഴുതിയത്. ഈ വർഷം മികച്ച കളക്ഷൻ ലഭിച്ച മലയാള ചിത്രങ്ങളിൽപ്പെട്ട രണ്ടെണ്ണമാണ് പ്രേമലുവും ആവേശവും. 135 കോടിയിലേറെ ബോക്സ് ഓഫീസ് കളക്ഷൻ ലഭിച്ച പ്രേമലു ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഒ.ടി.ടി റിലീസ് ചെയ്തത്. വിഷു റിലീസായെത്തിയ ചിത്രങ്ങളിൽ നൂറൂകോടി കളക്ഷനാണ് ആവേശം ഇനി ലക്ഷ്യം വെയ്ക്കുന്നത്.