വാഷിങ്ടൺ: ഇറാനുമായി ചാബഹാർ തുറമുഖ കരാർ ഒപ്പിട്ടതിനു പിന്നാലെ ഇന്ത്യക്കെതിരെ ഉപരോധ ഭീഷണി മുഴക്കി അമേരിക്ക. ഇറാനുമേലുള്ള ഉപരോധം തുടരുമെന്നും അവരുമായി കരാറുണ്ടാക്കുന്നവർക്ക് നേരെയും ഉപരോധത്തിന് സാധ്യതയുണ്ടെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉപവക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു.
‘ ഇറാനുമായി ഇടപാടുകൾ പരിഗണിക്കുന്നവർ സ്വയം ഉണ്ടാക്കുന്ന അപകടസാധ്യതയെക്കുറിച്ചും ഉപരോധ സാധ്യതയെക്കുറിച്ചും അറിഞ്ഞിരിക്കണം. അതിൽ ആർക്കും ഇളവില്ല’- വേദാന്ത് പട്ടേൽ പറഞ്ഞു.ഇറാനിലെ ചാബഹാർ ഷാഹിദ്-ബെഹെസ്തി തുറമുഖത്തിന്റെ നിയന്ത്രണം അടുത്ത പത്തുവർഷത്തേക്ക് ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡിന് (ഐപിജിഎൽ) കൈമാറാനുള്ള കരാറിൽ തിങ്കളാഴ്ചയാണ് ഇരു രാജ്യവും ഒപ്പുവച്ചത്.