വാഷിങ്ടൺ: അവയവമാറ്റ ശസ്ത്രക്രിയകൾക്ക് പ്രതീക്ഷയേകി ലോകത്താദ്യമായി പന്നിയുടെ വൃക്ക മനുഷ്യനിൽ വച്ചുപിടിപ്പിച്ചു. അമേരിക്കയിലെ മസാചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് മനുഷ്യനിൽ പന്നിയുടെ വൃക്ക പിടിപ്പിച്ചത്. വൃക്ക മാറ്റിവെച്ച രോഗി സുഖംപ്രാപിച്ചു വരികയാണെന്നും വൈകാതെ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ശനിയാഴ്ചയാണ് അറുപത്തിരണ്ടുകാരനായ റിച്ചാർഡ് സ്ലേമാനിൽ നാലുമണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയത്. ഉപദ്രവകാരികളായ ജീനുകളെ നീക്കം ചെയ്ത് മനുഷ്യ ജീനുകൾ ചേർത്ത് വേണ്ട മാറ്റങ്ങൾ വരുത്തിയാണ് ശസ്ത്രക്രിയ നടത്തുന്നത്. വൃക്കരോഗംമൂലം വലയുന്ന ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രതീക്ഷയേകുന്ന അവയവദാനമാണിതെന്ന് ശസ്ത്രക്രിയയിൽ പങ്കാളിയായ ഡോ. ടാറ്റ്സുവോ കവായ് പറഞ്ഞു. ഒരു സ്പീഷീസിൽ നിന്ന് മറ്റൊരു സ്പീഷീസിലേക്ക് അവയവം ദാനം ചെയ്യുന്ന രീതിയെ ക്സെനോട്രാൻസ്പ്ലാന്റേഷൻ എന്നാണ് വിളിക്കുന്നത്. നേരത്തേ പന്നിയിലെ വൃക്ക മസ്തിഷ്കമരണം സംഭവിച്ചവരിൽ വച്ചുപിടിപ്പിച്ചിരുന്നു. പക്ഷേ ഇരുവരും രണ്ടുമാസങ്ങൾക്കുള്ളിൽ മരണപ്പെടുകയായിരുന്നു.
മനുഷ്യരുടെ അവയവങ്ങൾ ലഭിക്കുന്നതിലെ വലിയ കുറവ് കാരണം ലോകത്താകമാനം അവയവമാറ്റ ശസ്ത്രികയകൾ വലിയ പ്രതിസന്ധിയിലാണ്. ഇതിനെ തുടർന്ന് മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യരിൽ വെച്ചുപിടിപ്പിക്കാനുള്ള ഗവേഷണങ്ങളും സജീവമായിരുന്നു. മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യരിൽ വച്ചുപിടിപ്പിക്കാനായി നേരത്തെ നടത്തിയ ശസ്ത്രക്രിയകളിൽ ഭൂരിപക്ഷവും പൂർണ പരാജയമായിരുന്നു. അവയവങ്ങൾ മനുഷ്യശരീരം തിരസ്കരിക്കുന്നതാണ് പരാജയങ്ങൾക്ക് കാരണമായിരുന്നത്.