ഗാസ സിറ്റി : ഗാസയില്‍ താൽക്കാലിക വെടിനിർത്തലിന് ഇസ്രായേൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കന്‍ ഇന്ന് ഇസ്രായേലിൽ എത്താനിരിക്കെ, ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. ലബനാൻ അതിർത്തിയിൽ ആക്രമണം കൂടുതൽ ശക്തമായിരിക്കെ, ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല ഇന്ന് വൈകീട്ട് സുപ്രധാന പ്രഖ്യാപനം നടത്തും. അതേസമയം, ഗാസ നഗരത്തെ പൂർണമായും വളഞ്ഞതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
അമേരിക്കയുടെ അഭ്യർഥന മാനിച്ച് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ഗാസയിൽ താൽക്കാലിക വെടിനിർത്തലിന് അനുമതി നൽകിയേക്കുമെന്ന് ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ സൂചിപ്പിക്കുന്നു. ഗാസയിൽ നിരവധി ആശുപത്രികളുടെ പ്രവർത്തനം നിർത്തിയിരിക്കെ, ഗസ്സയിലേക്ക് ഇന്ധനം എത്തിക്കാൻ ഇസ്രായേലിനെ അമേരിക്ക പ്രേരിപ്പിച്ചേക്കും . ഇസ്രായേലിൽ എത്തുന്ന ആൻറണി ബ്ലിങ്കന്‍ ജോർദാൻ നേതാക്കളുമായും ചർച്ച നടത്തും. ഗാസയിൽ തുടരുന്ന കുരുതി അമേരിക്കൻ അനുകൂല രാജ്യങ്ങളെയും മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.
അതിനിടെ, ഗാസ നഗരം പൂർണമായും വളഞ്ഞതായി ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നുണ്ട്. ജെനിൻ ക്യാമ്പ് പരിസരത്ത് ഹമാസും ഇസ്രായേൽ സ്പെഷ്യൽ ഫോഴ്സും തമ്മിലുള്ള ഏറ്റുമുട്ടൽ ഇന്ന് വെളുപ്പിനും തുടർന്നു. ബന്ദികളുടെ മോചനവും ഹമാസിനെ അമർച്ച ചെയ്യലും ലക്ഷ്യമിട്ടുള്ള സൈനിക നീക്കം കൃത്യമായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി പറഞ്ഞു. എന്നാൽ, അജയ്യമായ പ്രതിരോധം തുടരുമെന്നും ഇസ്രായേലിന്റെ കുരുതിക്ക് പകരംചോദിക്കുമെന്നും ഹമാസ് വ്യക്തമാക്കി. കരയുദ്ധത്തിൽ ഇതിനകം 20 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു.
ഹമാസ്-ഇസ്രയേല്‍ യുദ്ധത്തില്‍ പലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9,061 ആയി. മരണ സംഖ്യ ഉയരുമ്പോഴും ഇസ്രായേല്‍ ഗാസയില്‍ ശക്തമായ വ്യോമാക്രമണം തുടരുകയാണ്. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 3,760 കുട്ടികളും ഇതുവരെ കൊല്ലപ്പെട്ടു. അതേസമയം 230 വിദേശികളെ ഹമാസ് ബന്ദികളാക്കിയിരിക്കുകയാണ്.