റിയാദ് : അമേരിക്കയുമായി 142 ബില്യണ്‍ ഡോളറിന്റെ ആയുധകരാറില്‍ ഒപ്പുവെച്ച് സൗദി അറേബ്യ. പ്രതിരോധം, വ്യവസായം, ഊര്‍ജം എന്നീ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കും.
ഇന്ന് രാവിലെ സൗദി സമയം പത്ത് മണിയോടെ റിയാദ് വിമാനത്താവളത്തില്‍ എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ട്രംപിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. റിയാദ് യമാമ പാലസില്‍ നടന്ന ആചാരപരമായ വരവേല്പ്പിന് ശേഷം ട്രംപും മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും കൂടിക്കാഴ്ച നടത്തി. പ്രതിരോധ മേഖലയില്‍ 142 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഉള്‍പ്പെടെ നിരവധി കരാറുകളിലും ധാരണാ പത്രങ്ങളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. വ്യവസായം, ഊര്‍ജം, ആരോഗ്യം, ബഹിരാകാശം തുടങ്ങിയ മേഖകലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതാണ് കരാറുകള്‍.
ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന സൗദി – യുഎസ് നിക്ഷേപ ഫോറത്തില്‍ ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള നിരവധി നിക്ഷേപകര്‍ പങ്കെടുത്തു. നാളെയാണ് ഗള്‍ഫ് അമേരിക്ക ഉച്ചകോടി. ജിസിസി രാഷ്ട്രത്തലവന്മാര്ക്ക് പുറമെ പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഉള്‍പ്പെടെയുള്ളവരും ഉച്ചകോടിയില്‍ പങ്കെടുക്കും. ഗസയിലെ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും. ഇറാന്, യമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രശ്നങ്ങളും ചര്‍ച്ചയാകും. ഉച്ചകോടിക്ക് ഹമാസിനെയോ, ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളെയോ ക്ഷണിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. നാളെ ഖത്തറും വ്യാഴാഴ്ച യുഎഇയും ട്രംപ് സന്ദര്‍ശിക്കും.