വാഷിങ്ടണ്‍ : താരിഫ് നിരക്കില്‍ പകരത്തിന് പകരമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാടിന് ഇന്ത്യ വഴങ്ങുന്നതായി റിപ്പോര്‍ട്ട്. യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ താരിഫ് കുറയ്ക്കാന്‍ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. വെള്ളിയാഴ്ച ഓവല്‍ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച് വാര്‍ത്ത ഏജന്‍സികളാണ് ഇക്കാര്യം സൂചിപ്പിച്ചത്.
അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ വന്‍തോതിലുള്ള താരിഫുകള്‍ ഈടാക്കുന്നത് മൂലം വ്യാപാരത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്നു എന്ന തന്റെ വാദം ആവര്‍ത്തിച്ചുകൊണ്ടാണ് ട്രംപിന്റെ പ്രതികരണം. നമ്മുടെ നിലപാടിന് പിന്നാലെ താരിഫുകള്‍ കുറയ്ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഈ വിഷയത്തില്‍ ഇന്ത്യ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് അറിയിച്ചു എന്നാണ് ട്രംപിന്റെ പ്രതികരണം.
രണ്ടാം തവണയും യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ഇന്ത്യയിലെ ഇറക്കുമതി തീരുവകളെക്കുറിച്ച് തുടര്‍ച്ചയായി ട്രംപ് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ യുഎസ് വാണിജ്യകാര്യ ചുമതലയുള്ള ഹോവാര്‍ഡ് ലുട്നിക്കുമായി വ്യാപാര ചര്‍ച്ചകള്‍ക്കായി വാഷിങ്ടണില്‍ തുടരുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പ്രതികരണം.
ഇറക്കുമതി ചുങ്കം സംബന്ധിച്ച വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു ട്രംപ് ഉന്നയിച്ചത്. യുഎസ് സന്ദര്‍ശനത്തിന് എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ട്രംപ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
ചില യുഎസ് ഉല്പന്നങ്ങള്ക്ക് ഇന്ത്യ കനത്ത തീരുവയാണു ചുമത്തുന്നതെന്നും അതേ മട്ടില്‍ തീരുവ ചുമത്തുകയാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത് പ്രധാനമന്ത്രി മോദിയെ അറിയിച്ചു എന്നായിരുന്നു മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ട്രംപ് നടത്തിയ പ്രതികരണം.
” മോദിയുമായി റെസിപ്രോക്കല്‍ താരിഫ് വിഷയം ചര്‍ച്ച ചെയ്തു. ഇന്ത്യ ചില ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുന്നു. അത് തിരിച്ചും ചുമത്തും എന്നറിയിച്ചു. എന്നാല്‍ അത് ശരിയല്ലെന്ന് മോദി പറഞ്ഞു. എന്നാല്‍ എല്ലാ രാജ്യങ്ങളോടും അങ്ങനെ ചെയ്യുന്നു, ഇന്ത്യയോടും അതേ നിലപാടാണ് എന്നറിയിച്ചു.” എന്നായിരുന്നു ട്രംപ് പറഞ്ഞത്.