വാഷിങ്ടണ്‍ : ലൈംഗികാതിക്രമക്കേസില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. എഴുത്തുകാരി ഇ ജീന്‍ കരോളിനെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ ട്രംപിനെതിരായ വിധി യുഎസ് അപ്പീല്‍ കോടതി ശരിവെച്ചു. അഞ്ച് ദശലക്ഷം യു എസ് ഡോളര്‍ ട്രംപ് നഷ്പരിഹാരം നല്‍കണമെന്ന ജൂറിയുടെ വിധിയാണ് യുഎസ് അപ്പീല്‍ കോടതി ശരിവെച്ചത്.
പുനര്‍വിചാരണ വേണമെന്ന ആവശ്യം അപ്പീല്‍ കോടതി നിരസിക്കുകയും ചെയ്തിട്ടുണ്ട്. തനിക്കെതിരായ വിധി തെറ്റാണെന്നും, പുനര്‍വിചാരണ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ട്രംപ് അപ്പീല്‍ നല്‍കിയിരുന്നത്. 1996 ല്‍ മാന്‍ഹട്ടനിലെ ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറില്‍ വെച്ച് ട്രംപ് എഴുത്തുകാരി ജീന്‍ കരോളിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
ലൈംഗികമായി ഉപദ്രവിച്ചതിന് ട്രംപ് രണ്ട് ശദലക്ഷം ഡോളറും അപകീര്‍ത്തിപ്പെടുത്തിയതിന് മൂന്ന് ദശലക്ഷം ഡോളറും നഷ്ടപരിഹാരം നല്‍കാനാണ് ന്യൂയോര്‍ക്ക് ജൂറി വിധിച്ചത്. വിധിയില്‍ തെറ്റുണ്ടെന്ന് കണ്ടെത്താനായില്ലെന്ന് ട്രംപിന്റെ ഹര്‍ജി തള്ളിക്കൊണ്ട് മൂന്നംഗ അപ്പീല്‍ കോടതി പ്രസ്താവിച്ചു. ട്രംപിനെതിരെ ജീന്‍ കരോള്‍ നല്കിയ വേറൊരു കേസില്‍ മറ്റൊരു കോടതി 83 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരവും വിധിച്ചിട്ടുണ്ട്.