ടൊറന്റോ : നാലുദിവസം നീണ്ട തിരച്ചിലിനൊടുവിൽ ടൈറ്റൻ സമുദ്രപേടകത്തിലെ അഞ്ച് യാത്രക്കാരും മരിച്ചതായി യു.എസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്ക്കിടെ അറ്റ്ലാന്റിക് സമുദ്രത്തിൽ അപ്രത്യക്ഷമായ ടൈറ്റൻ സമുദ്ര പേടകം തകർന്നു. കടലിനടിയിൽ രണ്ട് മൈൽ ആഴത്തിൽ ടൈറ്റന്റെ പിൻഭാഗത്തെ കവചം, ലാൻഡിംഗ് ഫ്രെയിം എന്നിവ അടക്കം അഞ്ച് പ്രധാന ഭാഗങ്ങൾ ഇന്നലെ കണ്ടെത്തി.
ഹോറിസൺ ആർട്ടിക് എന്ന കപ്പലിലെ ആളില്ലാ ചെറു സമുദ്രവാഹനമാണ് (ആർ.ഒ.വി) ഇവ കണ്ടെത്തിയത്. കടലിനടിയിലെ ശക്തമായ മർദ്ദത്തെ തുടർന്ന് ടൈറ്റൻ അകത്തേക്ക് പൊട്ടിയതാകാമെന്ന് കരുതുന്നു. ടൈറ്റൻ എപ്പോഴാണ് തകർന്നതെന്ന് വ്യക്തമല്ല. യാത്രികരുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടില്ല.ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് ടൈറ്റന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. യാത്രികരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ യു.എസും കാനഡയും വിമാനങ്ങൾ, കപ്പലുകൾ, വിവിധ ഉപകരണങ്ങൾ എന്നിവയുടെ സഹായത്തോടെ തെരച്ചിൽ തുടരും.
ടൈറ്റന്റെ ഉടമസ്ഥരായ ഓഷ്യൻഗേറ്റ് കമ്പനിയുടെ സി.ഇ.ഒ സ്റ്റോക്ടൺ റഷ്, ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹർഡിംഗ്, ബ്രിട്ടീഷ് – പാകിസ്ഥാനി കോടീശ്വരൻ ഷെഹ്സാദാ ദാവൂദ്, മകൻ സുലേമാൻ, ഫ്രഞ്ച് പര്യവേഷകൻ പോൾ ഹെൻറി നാർജിയോലെറ്റ് എന്നിവരാണ് ടൈറ്റനിലുള്ളത്. പോൾ ആണ് ടൈറ്റന്റെ പൈലറ്റ്. ഇവർ മരിച്ചെന്ന് കരുതുന്നതായി കമ്പനിയും ഇന്നലെ പ്രസ്താവനയിറക്കി.
ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്കാണ് ടൈറ്റനെ കാണാതായത്. കടലിൽ ഇറക്കി ഒന്നേമുക്കാൽ മണിക്കൂറിനകം മാതൃകപ്പലായ പോളാർ പ്രിൻസുമായി ആശയ വിനിമയം നഷ്ടപ്പെട്ടു. നേരത്തെ സമുദ്രാന്തർഭാഗത്ത് നിന്നുണ്ടായ ശബ്ദം പിന്തുടർന്ന റോബോർട്ട് ടൈറ്റാനിക്കിന് സമീപത്ത് നിന്ന് അവശിഷ്ടങ്ങളുടെ നിര കണ്ടെത്തിയിരുന്നു. എന്നാലിത് ഇത് ടൈറ്റന്റേതാണോ എന്നത് സ്ഥിരീകരിച്ചിരുന്നില്ല.