

വാഷിങ്ടൺ ഡിസി : ഖാർഗ് ദ്വീപിൽ തുടർച്ചയായ രണ്ടാം ദിവസവും യുഎസ് ആക്രമണം. ഇറാന്റെ എണ്ണയുത്പാദത്തിന്റെ നെടുംതൂണായ ഖാർഗ് ദ്വീപിന്റെ മിക്ക ഭാഗങ്ങളും ആക്രമണത്തിൽ പൂർണമായും തകർത്തായും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. ദ്വീപിനു നേരം വീണ്ടും ആക്രമണം നടത്തുമെന്നു ട്രംപ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇറാൻ കയറ്റുമതി ചെയ്യുന്ന എണ്ണയുടെ 90 ശതമാനവും ഖാർഗ് ദ്വീപിലെ സംസ്കരണശാലകളിലാണ് തയ്യാറാകുന്നത്.
ഹോർമൂസ് കടലിടുക്കിൽ ഇറാൻ, കപ്പലുകളെ ആക്രമിക്കുന്നത് തുടർന്നാൽ ഖാർഗ് ദ്വീപിലെ എണ്ണ സംസ്കരണ, വിതരണ സംവിധാനങ്ങൾ ഒന്നാകെ നശിപ്പിക്കുമെന്നു ട്രംപ് മുന്നറിയിപ്പ് നൽകി. ഹോർമൂസ് കടലിടുക്കിന്റെ തീരപ്രദേശങ്ങളിൽ ആക്രമണം കടുപ്പിക്കുമെന്നും യുഎസ് മുന്നറിയിപ്പുണ്ട്.
ഹോർമൂസ് കടലിടുക്ക് സൈനിക ബലം ഉപയോഗിച്ച് പിടിച്ചെടുക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകുന്നത്. ഇതിനായി അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈനയടക്കമുള്ള രാജ്യങ്ങൾ യുദ്ധക്കപ്പലയക്കുമെന്നാണ് പ്രതീക്ഷ. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉടൻ തന്നെ ഹോർമൂസ് കടലിടുക്ക് തുറക്കാൻ ശ്രമിക്കുമെന്നും ട്രംപ് പറഞ്ഞു.
രാജ്യാന്തര ഇന്ധന നീക്കത്തിന് നിർണ്ണായകമായ ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനായി സൈനിക നടപടി ആവശ്യമാണ്. ആഗോള വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ സഖ്യകക്ഷികൾ ഒപ്പം നിൽക്കണം. ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ തുടങ്ങിയ രാജ്യങ്ങൾ ഈ പ്രദേശത്തേയ്ക്ക് സൈനിക നടപടികൾക്കായി കപ്പലുകൾ അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൈനിക നടപടിയിലൂടെ ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും വിവിധ രാജ്യങ്ങൾക്ക് ഭീഷണിയാകുന്നത് ഒഴിവാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.