


വാഷിങ്ടണ്‍ ഡിസി : ഇറാന്റെ എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാര്‍ഗ് ദ്വീപില്‍ ആക്രമണം നടത്തി യുഎസ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് ഇക്കാര്യം പുറത്ത് വിട്ടത് . എന്നാല്‍ ദ്വീപിലെ സൈനിക കേന്ദ്രത്തെയാണ് ലക്ഷ്യമിട്ടതെന്നും എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിയന്‍ എണ്ണക്കയറ്റുമതി മേഖലയുടെ സുപ്രധാന കേന്ദ്രമാണ് ഖാര്‍ഗ് എന്ന ചെറു ദ്വീപ്. പേര്‍ഷ്യന്‍ ഗള്‍ഫ് കടലില്‍ ഇറാന് തീരത്തുനിന്ന് 25 കിലോമീറ്ററിലധികം ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് കേന്ദ്രീകരിച്ചാണ് ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത്. 8 കിലോമീറ്റര്‍ നീളവും 5 കിലോമീറ്ററോളം വീതിയും മാത്രമാണ് ഈ ദ്വീപിനുള്ളത്.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ കടന്നുപോകലിന് വെല്ലുവിളികള്‍ സൃഷ്ടിച്ചാല്‍ ആക്രമണം കടുപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. തങ്ങളുടെ പക്കലുള്ള മാരകമായ ആയുധങ്ങള്‍ പ്രയോഗിക്കും എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന് സൈന്യം ആയുധം വച്ച് കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇറാന്റെ സൈന്യവും, ഈ ഭീകര ഭരണകൂടവുമായി ബന്ധപ്പെട്ട മറ്റെല്ലാവരും, ആയുധങ്ങള്‍ താഴെ വെച്ച് കീഴടങ്ങണം. അതാണ് ഇറാനില്‍ അവശേഷിക്കുന്നത് സംരക്ഷിക്കാനുള്ള മാര്‍ഗമെന്നും ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.