യുണൈറ്റഡ് നേഷൻസ്: ലബനാൻ അതിർത്തിയിൽ 21 ദിവസം വെടിനിർത്തലിന് സംയുക്ത ആഹ്വാനം. യുഎസ്, ഫ്രാൻസ്, സൗദി, ജർമനി, ഖത്തർ, യുഎഇ, ആസ്ത്രേലിയ, യൂറോപ്യൻ യൂണിയൻ തുടങ്ങിയവരാണ് വെടിനിർത്തലിന് ആഹ്വാനം ചെയ്തത്.
ഗസ്സയിലെ വെടിനിർത്തലിനും പൂർണ പിന്തുണ നൽകുമെന്ന് യുഎൻ പൊതുസഭയിൽ നടന്ന ദീർഘമായ ചർച്ചയിൽ രാഷ്ട്രങ്ങൾ വ്യക്തമാക്കി. ലബനാൻ, ഇസ്രായേൽ സർക്കാറുകളടക്കം മുഴുവൻ കക്ഷികളും വെടിനിർത്തലിന് തയ്യാറാവണമെന്ന് വൈറ്റ്ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ബുധനാഴ്ച ഇസ്രായേൽ ലബനാനിൽ നടത്തിയ രൂക്ഷമായ വ്യോമാക്രമണത്തിൽ 72 പേരാണ് കൊല്ലപ്പെട്ടത്. നാനൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രായേലിന്റെ രൂക്ഷമായ ആക്രമണത്തെ തുടർന്ന് അഞ്ച് ലക്ഷം പേരാണ് ലബാനിൽ ഭവനരഹിതരായത്.