ഒരു മാസത്തെ വ്രതാനുഷ്ഠാനം പൂർത്തിയാക്കി ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വിശ്വാസികൾ ഇന്ന് പെരുന്നാൾ നിറവിലാണ്. റമദാനിന്റെ അവസാന പത്തിൽ ഉംറ നിർവഹിക്കുന്നതിനായി മക്കയിലും മദീനയിലും എത്തുന്നവരുടെ അഭൂതപൂർവമായ തിരക്കിനെക്കുറിച്ചും അത് അപകടരഹിതമായി തീർത്ഥാടന ദിവസങ്ങൾ പര്യവസാനിപ്പിക്കുന്നതിൽ സൗദി ഭരണകൂടം പുലർത്തുന്ന നിഷ്കർഷയെക്കുറിച്ചും ഫിക്കി മിഡിൽ ഈസ്റ്റ് കോ.ചെയർമാൻ ഡോ .സിദ്ദീഖ് അഹമ്മദ് എഴുതിയ കുറിപ്പ്
ലോകത്തിന്റെ പലഭാഗത്തുനിന്നുമുള്ള വിശ്വാസികൾ വിരുന്നെത്തിയ മക്കയിലെയും മദീനയിലെയും ഇരുഹറമുകളിൽ കനത്ത തിരക്കാണ് ഇക്കുറിയും അനുഭവപ്പെട്ടത്. ദിവസവും കാൽകോടിയിലേറെ വിശ്വാസികളാണ് മക്കയിലെ ഹറമിന്റെ ചുറ്റിൽ അവസാനദിനങ്ങളിൽ ഒത്തുകൂടിയത്. ഈ തിരക്ക് നിയന്ത്രിക്കുന്നതിൽ സൗദി ഭരണകൂടം കാണിച്ച മികവ് എത്ര പ്രശംസിച്ചാലും മതിയാകാത്തതാണ്.
അപകടങ്ങളും അത്യാഹിതങ്ങളുമില്ലാതെ ആസൂത്രിതമായ നടപടികളിലൂടെ ജനക്കൂട്ടത്തെ നിയന്ത്രിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ച ഭരണകൂടം മാതൃകയാണ്.ഈ വര്‍ഷം റമദാനിന്റെ അവസാന പത്ത് നാളുകളില്‍ ഉംറ നിര്‍വഹിക്കാനെത്തിയവര്‍ മക്ക ഹറമിലും പരിസരത്തും അനുഭവപ്പെട്ട കനത്ത തിരക്ക് നേരിട്ട് അനുഭവിച്ചവരാണ്. തിരക്ക് കാരണം വ്യക്തിപരമായി ചിലർക്ക് അസൗകര്യം അനുഭവപ്പെട്ടിരുന്നു. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യം വെച്ച് വിശ്വാസികള്‍ പ്രവഹിക്കുമ്പോള്‍ സ്വാഭാവികമായ ഒന്നായി മാത്രം അത് കാണുക. ഓരോ വര്‍ഷവും തീര്‍ഥാടകരുടെ പ്രവാഹമാണ് ഉണ്ടാകുന്നത്.എല്ലാവരുടെയും ഉംറ അല്ലാഹുവിങ്കല്‍ സ്വീകാര്യവും പുണ്യകരവുമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. റമദാനിലെ നോമ്പും മറ്റ് ആരാധനകളും അള്ളാഹു സ്വീകരിക്കട്ടെ. വീഴ്ചകള്‍ അവന് പൊറുത്തു മാപ്പു നല്കുമാറാകട്ടെ. ആമീന്‍.