ന്യൂഡല്‍ഹി : യുദ്ധസമാനമായ സാഹചര്യത്തെ നേരിടാന്‍ രാജ്യത്ത് ആവശ്യത്തിന് ഭക്ഷ്യവസ്തുക്കളും അവശ്യവസ്തുക്കളും ഉണ്ടെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷി. ഭക്ഷ്യപ്രതിസന്ധിയെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും പൗരന്മാരോട് അദ്ദേഹം ആവശ്യപ്പെട്ടു.
‘സാധാരണ ആവശ്യകതയേക്കാള്‍ പലമടങ്ങ് കൂടുതല്‍ സ്റ്റോക്ക് നിലവില്‍ നമുക്കുണ്ട്. അരി, ഗോതമ്പ്, കടല, തുവരപരിപ്പ്, ചെറുപയര്വര്ഗ്ഗങ്ങള് എന്നിങ്ങനെ എന്തുതന്നെയായാലും ഒരു ക്ഷാമവുമില്ല. കൂടാതെ പരിഭ്രാന്തരാകുകയോ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ വിപണികളിലേക്ക് തിരക്കുകൂട്ടുകയോ ചെയ്യരുതെന്നും പൗരന്മാരോട് നിര്‍ദ്ദേശിക്കുന്നു,’- ജോഷി പറഞ്ഞു.
ഭക്ഷ്യധാന്യങ്ങളുടെ ക്ഷാമം എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശ്രദ്ധിക്കരുതെന്ന് ജോഷി എക്സില്‍ മുന്നറിയിപ്പ് നല്കി. ‘നമ്മുടെ കൈവശം ആവശ്യത്തിന് ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്കുണ്ട്. മാനദണ്ഡങ്ങള്ക്കപ്പുറമാണിത്. അതുകൊണ്ട് ഇത്തരം വ്യാജ സന്ദേശങ്ങള്‍ക്ക് ചെവികൊടുക്കരുത്. അവശ്യവസ്തുക്കള്‍ വ്യാപാരം ചെയ്യുന്ന വ്യാപാരികള്‍, മൊത്തക്കച്ചവടക്കാര്‍, ചില്ലറ വ്യാപാരികള്‍ അല്ലെങ്കില്‍ ബിസിനസ്സ് സ്ഥാപനങ്ങള്‍ നിയമ നിര്‍വ്വഹണ ഏജന്‍സികളുമായി സഹകരിക്കാന്‍ തയ്യാറാകണം. പൂഴ്ത്തിവയ്പ് നടത്തുന്ന ഏതൊരു വ്യക്തിക്കുമെതിരെ അവശ്യവസ്തു നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുക്കും,’- അദ്ദേഹം പോസ്റ്റില്‍ മുന്നറിയിപ്പ് നല്കി.