ന്യൂയോർക്ക്: ഗാസയിൽ കൂടുതൽ സഹായം എത്തിക്കാനുള്ള കരട് പ്രമേയത്തിന് യു.എൻ രക്ഷാസമിതിയുടെ അംഗീകാരം. അതേസമയം, യു.എസിനെ വിമര്‍ശിച്ച് റഷ്യ മുന്നോട്ടുവച്ച ഭേദഗതി തള്ളി.. അതേസമയം, അടിയന്തര വെടിനിർത്തൽ ആവശ്യങ്ങളൊന്നും പ്രമേയത്തിൽ പരാമർശിച്ചിട്ടില്ല. ഇരുപക്ഷവും വെടിനിർത്തൽ ഉടമ്പടി ഉണ്ടാക്കണമെന്ന ആവശ്യം മാത്രമാണ് പ്രമേയത്തിൽ ഉള്ളത്.
പ്രമേയത്തിൽ അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന വാക്യത്തിൽ അമേരിക്ക എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. മാസങ്ങൾ നീണ്ട പോരാട്ടത്തിൽ ഗാസയിലെ ജനങ്ങൾ കടുത്ത മാനുഷിക പ്രതിസന്ധി നേരിടുന്നതിനിടെയാണു പുതിയ പ്രമേയം അവതരിപ്പിക്കുന്നത്. 13 അംഗങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ ആരും എതിർത്തില്ല. അമേരിക്കയും റഷ്യയും വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുകയും ചെയ്തു. യു.എസ് വീറ്റോ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് റഷ്യ വിട്ടുനിന്നത്.
ഒരു തടസവുമില്ലാതെ മാനുഷിക സഹായം ഗാസയിൽ എത്തിക്കാൻ യുദ്ധത്തിന്റെ ഭാഗമായ എല്ലാ കക്ഷികളും അനുവദിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു. എന്നാൽ ഉടൻ വെടിനിര്‍ത്തൽ വേണമെന്ന നിര്‍ദേശം പ്രമേയത്തിൽ ഇല്ലാത്തതിനാൽ പ്രമേയത്തിന്റെ പ്രസക്തി എത്രമാത്രമുണ്ടാവുമെന്ന സംശയവും നിലനിൽക്കുന്നുണ്ട്. അതിനിടെ, ഹിസ്ബുല്ലയുടെ സൈനികകേന്ദ്രങ്ങളിലും ആക്രമണം ആരംഭിച്ചതായി ഇസ്രായേൽ അറിയിച്ചു. ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 20,000 കടന്നിട്ടുണ്ട്.