ന്യൂയോര്‍ക്ക് : ഇസ്രയേലില്‍ ആക്രമണം നടത്തിയ ഹമാസിനെ ന്യായീകരിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം പ്രതികരിച്ചു.
‘എന്റെ ചില പ്രസ്താവനകള്‍ തെറ്റായി ചിത്രീകരിച്ചതില്‍ ഞാന്‍ ഞെട്ടിപ്പോയി… ഞാന്‍ ഹമാസിന്റെ ഭീകരപ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുന്നത് പോലെയാണ്. ഇത് തെറ്റാണ്. ഇത് വിപരീതമാണ്,’ അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. ഇസ്രയേല്‍ ഗാസയില്‍ ആക്രമണം നടത്തിയതില്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം നടന്നുവെന്നാണ് അന്റോണിയോ ഗുട്ടെറസ് ആരോപിച്ചത്.
ഗാസയില്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ വ്യക്തമായ ലംഘനങ്ങളെക്കുറിച്ച് അഗാധമായ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സായുധ സംഘട്ടനത്തിലെ ഒരു കക്ഷിയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന് അതീതരല്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് യുഎന്‍ ആസ്ഥാനത്ത് നടന്ന സുരക്ഷാ കൗണ്‍സിലില്‍ ഗുട്ടെറസ് പലസ്തീന് ജനതയെ അനുകൂലിച്ച് സംസാരിച്ചതാണ് ഇസ്രായേലിനെ പ്രകോപിതരാക്കിയത്. തുടര്‍ന്ന് യുഎന്‍ സെക്രട്ടറി ജനറലിനോട് രാജി വെക്കാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടിരുന്നു.
ഗുട്ടെറസിനെതിരെ ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന സംഘടിതമായ ആക്രമണങ്ങളില്‍ പലസ്തീന് വിദേശകാര്യമന്ത്രാലയം അപലപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. യുഎന്നിന്റെ സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ വിനാശകരമായ യുദ്ധം അവസാനിപ്പിക്കുന്നതില്‍ പങ്കുവഹിക്കേണ്ട അദ്ദേഹത്തെ കടന്നാക്രമിക്കുന്നത് ശരിയല്ലെന്നായിരുന്നു പലസ്തീന് വിദേശകാര്യ മന്ത്രാലയം പറഞ്ഞത്.
ഇസ്രായേലിനെ ഹമാസ് ആക്രമിച്ചുവെങ്കില്‍ പലസ്തീന് ജനത സ്വന്തം ഭൂമിയിലെ അധിനിവേശത്തില്‍ വീര്‍പ്പുമുട്ടുകയാണെന്നും ഒന്നും ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്നുമാണ് യു എന്‍ സെക്രട്ടറി ജനറല്‍ സംവാദത്തില്‍ പറഞ്ഞത്. കഴിഞ്ഞ 56 വര്‍ഷമായി പലസ്തീന് ജനത അടിച്ചമര്‍ത്തല്‍ നേരിടുകയാണെന്നുമാണ് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഗുട്ടെറസ് പറഞ്ഞത്.