ലണ്ടന്‍ : സ്ത്രീ എന്ന വിശേഷണത്തിന് നിര്‍ണായക നിര്‍വചനവുമായി യു കെ സുപ്രീം കോടതി. ‘സ്ത്രീ’ എന്ന പദം കൊണ്ടര്‍ഥമാക്കുന്നത്, ജൈവിക ലിംഗത്തെയാണെന്നും ജെന്‍ഡര്‍ ഐഡന്റിറ്റി അല്ലെന്നുമാണ് കോടതി വിധി. സ്ത്രീ എന്ന വിശേഷണത്തില്‍ നിന്ന് ട്രാന്സ്ജന്ഡര് സ്ത്രീകളെ ഒഴിവാക്കിക്കൊണ്ടാണ് യുകെ സുപ്രീം കോടതിയുടെ സുപ്രധാന തീരുമാനം.
2010ലെ തുല്യതാ ആക്ട് പ്രകാരം സ്ത്രീ, പുരുഷന് എന്നിങ്ങനെ രണ്ട് ലിംഗം മാത്രമേ ഉള്ളൂ എന്നതാണ് വിധിയിലെ പ്രധാന നിരീക്ഷണം. സ്ത്രീ പുരുഷന് എന്നതിനെ ജീവ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വേര്‍തിരിക്കാന്‍ കഴിയൂ. ജൈവികം എന്നൊരു പ്രത്യേക നീരീക്ഷണത്തിന്റെ ആവശ്യമില്ല. ‘2010 ലെ തുല്യതാ ആക്ട് പ്രകാരം ലിംഗം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ജൈവികമായി ലിംഗത്തെയാണ്.’ ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലല്ലാതെ തന്നെ 2010ലെ ആക്ട് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ലോഡ് ഹോഡ്ജ്, ലേഡി സിംലര്‍, ലേഡി ഹോഡ്ജ് എന്നിവര്‍ സംയുക്തമായി നടത്തിയ വിധിയെ മറ്റു ജഡ്ജിമാരും അനുകൂലിച്ചു.
ബോര്‍ഡുകളിലെ സ്ത്രീകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനു വേണ്ടി സ്കോട്ടിഷ് ഗവണ്മെന്റ് തയാറാക്കിയ നിയമമാണ് ഈ കേസിന്റെ ആധാരം. ജന്മനാ തന്നെ സ്ത്രീ ലിംഗത്തില്‍ ജനിക്കുന്നവര്‍ക്ക് മാത്രമേ സ്ത്രീകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാവൂ എന്ന് ആവശ്യപ്പെട്ടുകൊണ്ട് 2018 ല്‍ ആരംഭിച്ച നിയമ പോരാട്ടത്തിലാണ് യു കെ സുപ്രിം കോടതിയുടെ നിര്‍ണായക തീരുമാനം. സ്കോട് ലാന്‍ഡില്‍ നിന്നുള്ള ഒരു കൂട്ടം പ്രവര്‍ത്തകരാണ് കോടതിയെ സമീപിച്ചത്. ലിംഗ തിരിച്ചറിയല്‍ കാര്‍ഡുള്ള ട്രാന്‍സ് ജെന്‍ഡറിനെ സ്ത്രീ ആയി പരിഗണിക്കുമെന്നായിരുന്നു സ്കോട്ടിഷ് ഗവണ്മെന്റിന്റെ നിലപാട്.
വിധിയില്‍ പലയിടത്തും ജഡ്ജിമാര്‍ തമ്മില്‍ വിയോജിപ്പുകള്‍ ഉണ്ടായെങ്കിലും ‘സ്ത്രീ’ എന്ന പദം ഉപയോഗിക്കുമ്പോള്‍ അത് ഒരു ജൈവശാസ്ത്രപരമായ സ്ത്രീയെയാണ് സൂചിപ്പിക്കുന്നതെന്നും ‘ലൈംഗികത’ എന്നാല്‍ ജൈവിക ലൈംഗികതയെയാണെന്നുമുള്ള നിലപാടില്‍ എല്ലാവരും ഒന്നിച്ചു. ഒരു ഇടമോ സേവനമോ സ്ത്രീകള്‍ക്ക് മാത്രമായി മാറ്റിവച്ചിട്ടുണ്ടെങ്കില്‍ പുരുഷനായി ജനിച്ച് സ്ത്രീയായി ജീവിക്കുന്ന ഒരാള്‍ക്ക് ആ ഇടമോ സേവനമോ ഉപയോഗിക്കാന്‍ അവകാശമില്ലെന്നും വിധി വ്യക്തമാക്കുന്നു.
അതേസമയം, സുപ്രീം കോടതി വിധി ഏത് തരത്തില്‍ നേരിടേണ്ടിവരുമെന്നതില്‍ വിശദമായി പരിശോധന ആവശ്യമാണെന്നാണ് ട്രാന്‍സ് അവകാശ പ്രവര്‍ത്തകരുടെ നിലപാട്. വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് സ്കോട്ടിഷ് സര്‍ക്കാരും ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ യുകെ സര്‍ക്കാരുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുമെന്നും അധികൃതര്‍ പറയുന്നു. നിയമ വ്യവസ്ഥകളെ വിധി കൃത്യമായി പരിഗണിക്കുമ്പോള്‍ പ്രായോഗികത സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് മറ്റൊരു വാദം.