ചെന്നൈ: മലയാളത്തില്‍ മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുന്ന മഞ്ഞുമ്മല്‍ ബോയ്സ് ടീമിനെ കണ്ട് തമിഴ് കായിക യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിന്. മന്ത്രിയുടെ ക്ഷണപ്രകാരം ഓഫീസിലെത്തിയാണ് അഭിനേതാക്കളടക്കം മന്ത്രിയെ കണ്ടത്. നേരത്തെ സിനിമയെ പ്രശംസിച്ച് ഉദയനിധി സ്റ്റാലിന് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു.
മലയാളത്തിന് പുറത്തും മികച്ച സ്വീകാര്യതയാണ് സിനിമക്ക് ലഭിക്കുന്നത്. സിനിമ 50 കോടി കളക്ഷനിലേക്ക് അടുക്കുകയാണ്. 2006ല്‍ കൊടൈക്കനാലിലെ ഗുണകേവില്‍ അകപ്പെട്ടുപോയ സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്. ജാന്‍ എ മന്നിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്. സൗബിനും ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസുമടക്കം മികച്ച താരങ്ങളാല്‍ സമ്പന്നമാണ് സിനിമ.