ദുബായ് : കഴിഞ്ഞ വർഷാവസാനം യുഎഇ നിർത്തലാക്കിയ 3 മാസ കാലാവധിയുള്ള വിസിറ്റ് വിസ പുനരാരംഭിച്ചു. ലിഷർ വീസ എന്ന പേരിലാകും 90ദിവസ വിസ ഇനി അറിയപ്പെടുക. 30, 60, 90 ദിവസ കാലാവധിയുള്ള വിസ ലഭിക്കും. ടൂറിസം കമ്പനികളിലൂടെ നൽകിയിരുന്ന 30, 90 ദിവസ കാലാവധിയുള്ള വിസയിൽ 90 ദിവസത്തെ വിസ നിർത്തലാക്കിയാണ് അതിനു പകരമായി 60 ദിവസത്തെ വിസ പ്രാബല്യത്തിൽ വരുത്തിയത്.
ഇതേസമയം വ്യക്തിഗത സ്പോൺസർഷിപ്പിൽ കുടുംബാംഗങ്ങൾക്ക് 3 മാസത്തെ വിസ തുടർന്നും ലഭിച്ചിരുന്നു. നിലവിൽ യുഎഇ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇഷ്ടമുള്ള കാലയളവിലേക്ക് വിസ എടുക്കാൻ സാധിക്കും . വിസ എടുത്ത ഏജന്റ് മുഖേന പരമാവധി 120 ദിവസം വരെ വിസ പുതുക്കാനാണ് അവസരം. വിസ പുതുക്കാൻ ആഗ്രഹിക്കുന്നവർ അസ്സൽ പാസ്പോർട്ടും മതിയായ ഫീസും സഹിതം ട്രാവൽ ഏജന്റിനെ സമീപിക്കാം. പാസ്പോർട്ട് പകർപ്പ് കളർ ഫോട്ടോ എന്നിവയ്ക്കൊപ്പം മതിയായ ഫീസും നൽകി അപേക്ഷിക്കാം. 5 ദിവസത്തിനകം വിസ ലഭിക്കും. വ്യക്തിഗത സ്പോൺസർഷിപ്പിൽ കുടുംബാംഗങ്ങളെ സന്ദർശക വിസയിൽ കൊണ്ടുവരുന്നതിനുള്ള ശമ്പളപരിധി ഇരട്ടിയാക്കി. 8,000 ദിർഹം മാസ ശമ്പളവും സ്വന്തം പേരിൽ താമസസൗകര്യവും ഉള്ളവർക്കേ കുടുംബാംഗങ്ങളെ സ്വന്തം സ്പോൺസർഷിപ്പിൽ കൊണ്ടുവരാനാകൂ.