ദുബായ് : ബലാത്സംഗ കേസുകളിൽ ഗർഭഛിദ്രം അനുവദിക്കാനുള്ള പ്രമേയവുമായി യുഎഇ. ഇത് ഇസ്ലാമിക രാജ്യത്തെ വലിയൊരു പരിഷ്കാരവും യു.എ.ഇ.യിലെ ഗർഭഛിദ്ര നിയമങ്ങളിലെ ഒരു സുപ്രധാന സംഭവവികാസവുമാണ്. ഇതിലൂടെ സ്ത്രീകൾക്ക് മികച്ച ആരോഗ്യം ഉറപ്പാക്കും.മെഡിക്കൽ ബാധ്യതാ നിയമവുമായി ബന്ധപ്പെടുത്തിയിട്ടുള്ള 2024-ലെ കാബിനറ്റ് പ്രമേയം നമ്പർ (44) അബോർഷൻ അനുവദനീയമാണെന്ന് പ്രസ്താവിക്കുന്നുണ്ട്.
“ഗർഭം ഒരു സ്ത്രീയുടെ ഇഷ്ടത്തിന് വിരുദ്ധമായോ അവരുടെ സമ്മതമില്ലാതെയോ ആണെങ്കിലോ, അല്ലെങ്കിൽ മതിയായ ഇച്ഛാശക്തി കൂടാതെയുള്ള ലൈംഗിക ബന്ധത്തിൻ്റെ ഫലമായാണ് ഒരു വ്യക്തി ഗർഭധാരണത്തിന് കാരണമായത് എങ്കിൽ അവർക്ക് അബോർഷൻ അനുവദിക്കാം എന്നാണ് പ്രമേയം പറയുന്നത്.സ്ത്രീയുടെ പൂർവ്വികനോ അല്ലെങ്കിൽ അവരുടെ മഹ്റം [വിവാഹത്തിന് അർഹതയില്ലാത്ത] ബന്ധുക്കളിൽ ഒരാളോ ആണ് കാരണക്കാരായത് എങ്കിലും ഈ നിയമം ബാധകമായെക്കുമെന്ന് യുഎഇയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ഇംഗ്ലീഷ് ഭാഷാ ദിനപത്രമായ ദി നാഷണൽ റിപ്പോർട്ട് ചെയ്യുന്നു.
ബലാത്സംഗ സംഭവങ്ങൾ ഉടനടി അധികാരികളെ അറിയിക്കേണ്ടതുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷൻ്റെ റിപ്പോർട്ട് വഴി തെളിയിക്കേണ്ടതുണ്ടെന്നും അബുദാബി ആസ്ഥാനമായുള്ള ദി നാഷണൽ പത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്. 120 ദിവസത്തിനുള്ളിൽ ഗർഭം അവസാനിപ്പിക്കുകയും ഗർഭച്ഛിദ്രം സ്ത്രീയുടെ ജീവനെ അപകടത്തിലാക്കുന്ന മെഡിക്കൽ സങ്കീർണതകൾ ഒഴിവാക്കുകയും വേണം.കുറഞ്ഞത് ഒരു വർഷമെങ്കിലും യുഎഇയിൽ കഴിയുന്നവർക്കാണ് ഈ പ്രമേയം ബാധകമാകുക. പ്രമേയം യുഎഇയുടെ ഔദ്യോഗിക ഗസറ്റിൽ പ്രഖ്യാപിക്കുന്ന മുറയ്ക്ക് പ്രാബല്യത്തിൽ വരും.