ഗസ്സ സിറ്റി : ഖാന് യൂനിസില്‍ രൂക്ഷമായ ഇസ്രായേൽ മിസൈൽ വര്‍ഷം തുടരുന്നു. ആക്രമണത്തിൽ രണ്ടു മാധ്യമപ്രവർത്തകർക്ക് പരിക്ക്. അൽജസീറയുടെ ഗസ്സ സിറ്റി ബ്യൂറോ ചീഫ് വാഇൽ അൽദഹ്ദൂഹ്, കാമറാമാൻ സാമിര്‍ അബൂദഖ എന്നിവർക്കാണു പരിക്കേറ്റത്. ഖാൻ യൂനിസിലെ ഫർഹാൻ സ്കൂളിനു സമീപത്താണ് ഇസ്രായേൽ ആക്രമണം തുടരുന്നത്.
വാഇലിന്റെ വലതുകൈയില്‍ വെടിയുണ്ട പതിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തു. പരിക്ക് ഗുരുതരമല്ല. അതേസമയം, അബൂദഖയുടെ സ്ഥിതി അൽപം ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മേഖലയിൽ ശക്തമായ ഷെല്ലാക്രമണമാണുണ്ടായതെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
ഒന്നര മാസം മുൻപ് ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ ദഹ്ദൂഹിന്റെ കുടുംബത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഭാര്യ ഉമ്മു ഹംസ, 15കാരനായ മകൻ മഹ്മൂദ്, ഏഴു വയസ്സുള്ള മകൾ ഷാം, പേരമകൻ ആദം എന്നിവരെല്ലാം കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. ഗസ്സയിലെ നുസൈറാത്തിലുള്ള അഭയാർത്ഥി ക്യാംപിലായിരുന്നു അന്ന് ഇസ്രായേൽ ആക്രമണം നടന്നത്.
മരണത്തിനു തൊട്ടടുത്ത ദിവസം തന്നെ വാഇൽ ഗസ്സയിൽനിന്നുള്ള തത്സമയ യുദ്ധ വാർത്തകളുമായി ചാനലിൽ പ്രത്യക്ഷപ്പെട്ടത് വാർത്തയായിരുന്നു. വർഷങ്ങളായി ഗസ്സ ബ്യൂറോയിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകനാണ് സാമിര്‍ അബൂദഖ. ഇസ്രായേൽ ആക്രമണത്തിന്റെ ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ നിരന്തരം അന്താരാഷ്ട്ര സമൂഹത്തിനു മുന്നിലെത്തിച്ചയാൾ കൂടിയാണ് അദ്ദേഹം.
വാഇൽ ഗസ്സയിലെ നാസർ ആശുപത്രിയിൽ ചികിത്സയിലാണ്. സാമിറിനെ ഇനിയും രക്ഷിക്കാനായില്ലെന്നാണു വിവരം. ഇസ്രായേൽ ഷെല്ലാക്രമണം തുടരുന്നതിനാൽ അപകടസ്ഥലത്ത് പാരാമെഡിക്കൽ സംഘത്തിന് എത്താനായിട്ടില്ലെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിലുണ്ടായ മറ്റൊരു ഷെല്ലാക്രമണത്തിൽ 12 ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു.