ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ചരമക്കുറിപ്പെഴുതാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. കിഴക്കമ്പലം ആസ്ഥാനമാക്കി കേരളത്തില്‍ വിപ്ളവം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച സാബു ജേക്കബിന്റെ ട്വന്റി20 യാണ് ആ രാഷ്ട്രീയപാര്‍ട്ടി. കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരു പോലെ ഭീഷണിയാകുമെന്ന അവകാശവാദവുമായി രംഗത്ത് വന്ന ട്വന്റി20 ഇപ്പോള്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി, എറണാകുളം നിയോജകമണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന ട്വന്റി20 യെ ആരും ഗൗരവമായി എടുക്കുന്നുപോലുമില്ല. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് നിയോജകമണ്ഡലങ്ങളില്‍ ഈ പാര്‍ട്ടി മല്‍സരിച്ചിരുന്നു. എറണാകുളം, കുന്നത്തുനാട്, തൃക്കാക്കര, പെരുമ്പാവൂര്‍ എന്നീ നിയോജകമണ്ഡലങ്ങളില്‍ ട്വന്റി20 മല്‍സരിച്ചിരുന്നെങ്കിലും കുന്നത്തുനാട്ടില്‍ മാത്രമാണ് കാര്യമായി വോട്ടുപിടിക്കാന്‍ കഴിഞ്ഞത്.ട്വന്റി20 മത്സരിച്ച നാല് നിയോജകമണ്ഡലങ്ങളില്‍ കുന്നത്തുനാട്ടിൽ മാത്രം യുഡിഎഫ് തോല്‍ക്കുകയും ചെയ്തു.
ആംആദ്മി പാര്‍ട്ടിയുമായുണ്ടാക്കിയ സഖ്യം പൊളിയുകയും തെലങ്കാനയിലെ ഭരണകക്ഷിക്ക് ഇലക്ടറല്‍ ബോണ്ടിലൂടെ കോടികള്‍ നല്കിയ കാര്യം പുറത്തുവരികയും ചെയ്തതോടെ ട്വന്റി20യുടെയും സാബു എം ജേക്കബിന്റെയും വിശ്വാസ്യതക്ക് വലിയ ഇടിവുണ്ടായി. സ്ഥാപക കാലത്തുണ്ടായിരുന്ന പലരും പാര്‍ട്ടിയോട് വിടപറഞ്ഞു. യുഡിഎഫിന്റെ പരമ്പരാഗതവോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ ട്വന്റി20ക്ക് കഴിയുമെന്ന തോന്നല്‍ സിപിഎമ്മിന് ആദ്യമൊക്കെ ഉണ്ടായിരുന്നു. അതിലും കാര്യമായി വിജയിക്കാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമായതോടെ സിപിഎമ്മിനും ഈ പാര്‍ട്ടിയോടുള്ള താല്പര്യം നഷ്ടപ്പെട്ടു. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെപ്പോലും വെല്ലുവിളിക്കുന്ന നിലയിലേക്ക് സാബു ജേക്കബ് എത്തിച്ചേര്‍ന്നത്. തന്നെ അറസ്റ്റു ചെയ്താല്‍ മുഖ്യമന്ത്രിയുടെ മകളും ജയിലാകുമെന്ന് വരെ സാബു പറഞ്ഞുകളഞ്ഞു. എന്നാല്‍ ഈ ഗീര്‍വ്വാണങ്ങളൊക്കെ ട്വന്റി20യുടെ അടിത്തറ തോണ്ടുന്നതായിരുന്നു. കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും ഒരു പോലെ മല്ലിട്ട് കേരളത്തില്‍ ഒരുപാര്‍ട്ടി വളര്‍ത്തിയെടുക്കാന്‍ കഴിയില്ലന്ന് അത്യാവശ്യം രാഷ്ട്രീയബോധമുള്ള എല്ലാവര്‍ക്കുമറിയാം. കേന്ദ്രഭരണത്തിന്റെ ശക്തമായ പിന്തുണയുണ്ടായിട്ടുപോലും ബിജെപിക്ക് രണ്ടുമുന്നണികള്‍ക്കിടയില്‍ കിടന്ന് ശ്വാസം മുട്ടാനേ കഴിയുന്നുള്ളു.
ട്വന്റി20ക്ക് പന്ത്രണ്ട് ലക്ഷം അംഗങ്ങളും അഞ്ച് ജില്ലകളില്‍ സജീവ സാന്നിധ്യവുമുണ്ടെന്നാണ് സാബു ജേക്കബ് അവകാശപ്പെടുന്നതെങ്കിലും കുന്നത്തുനാട്ടിലല്ലാതെ മറ്റൊരിടത്തും ഇതുവരെ നിർണായകസാന്നിധ്യമാകാൻ ഈ സംഘടനക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല മറ്റു രാഷ്ട്രീയപാര്ട്ടികളാരും തന്നെ ട്വന്റി20യെ ഒരു ‘serious player’ ആയിപ്പോലും കണക്കാക്കുന്നുമില്ല. ഒരു ബിസിനസുകാരന് അയാളുടെ വ്യക്തി-കമ്പനി താല്പര്യങ്ങള്ക്ക് വേണ്ടി ഉണ്ടാക്കിയ സംഘടനയെന്നതിനപ്പുറമൊരു വില ഇതുവരെ ട്വിന്റി20ക്കു ലഭിച്ചിട്ടില്ല. ആംആദ്മി മോഡലില്‍ കേരളത്തിന്റെ ഭരണം പിടിക്കുമെന്നും സാബു ജേക്കബ് മറ്റൊരു കെജ്രിവാളാകുമെന്നുമൊക്കെ സ്വപ്നം കണ്ട പലരും ആ പാര്‍ട്ടിയിലുണ്ടായിരുന്നു. എന്നാല്‍ ആ കിനാവൊക്കെ വെള്ളത്തിലെ വരപോലെയായിത്തീര്ന്നു. ശമ്പളം കൊടുത്ത് കോഓര്ഡിനേറ്റര്മാരെന്ന നിലയില്‍ നേതാക്കളെയും പ്രവര്‍ത്തകരെയും നിയമിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മുന്നോട്ടുപോകാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് രംഗത്ത് ജനങ്ങളെ സമീപിക്കുമ്പോള്‍ കൃത്യമായ രാഷ്ട്രീയം പറയണം. അതുപറയാന്‍ കഴിയാതിരുന്നതാണ്, അല്ലങ്കില്‍ അത്തരമൊരു രാഷ്ട്രീയം ഇല്ലാതിരുന്നതാണ് ട്വന്റി20യുടെ തളര്‍ച്ചയുടെ പ്രധാനകാരണം.
ഈ ലോക്സഭാ തെരഞ്ഞെടുപ്പ് ട്വന്റി20യെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമാണ്. കഴിഞ്ഞ തവണ ചാലക്കുടിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബെന്നി ബഹാനാനെ തോല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചാണ് ട്വന്റി20 പ്രവർത്തിച്ചത്. അവർ പരോക്ഷമായി ഇടതിന് പിന്തുണ കൊടുത്തിട്ടും ബെന്നിയുടെ ജയം 1.3 ലക്ഷം വോട്ടിനായിരുന്നു. ഇത്തവണ ചാലക്കുടി, എറണാകുളം സീറ്റുകളിലാണ് ട്വന്റി20 സ്ഥാനാർത്ഥികളെ നിർത്തിയിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് സജീവമായി പാർട്ടി പ്രവർത്തന രംഗത്ത് ഉണ്ടായിരുന്നത്. എന്നാൽ, ആ സജീവ പ്രചാരണം പോലും ഇത്തവണ ട്വന്റി20 സ്ഥാനാര്‍ത്ഥികളുടെ ഭാഗത്തു നിന്നും കാണുന്നുമില്ല. തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ വേണ്ടി മല്‍സരിക്കുന്നു എന്നതില്‍ കവിഞ്ഞ് ഒരു ഗൗരവവും അവര്‍ കാണിക്കുന്നുമില്ല. ഏതായാലും ഈ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ അറിയാം കേരളത്തിന്റെ സ്വന്തം ആംആദ്മി പാര്‍ട്ടിക്ക് എന്തു സംഭവിക്കുമെന്ന്.