അങ്കാറ: തുര്‍ക്കിയില്‍ നിന്ന് നയതന്ത്ര പ്രതിനിധികളെ തിരികെ വിളിച്ച് ഇസ്രയേല്‍. തുര്‍ക്കി പ്രസിഡന്റ് തയ്യിബ് ഉര്ദുഗന് ഇസ്രയേലിനെ ‘യുദ്ധ കുറ്റവാളി’ എന്നു വിശേഷിപ്പിച്ച സാഹചര്യത്തിലാണ് ഈ നടപടി. ഇസ്താംബൂളില്‍ നടന്ന പലസ്തീന് അനുകൂല റാലിയില്‍ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഉര്ദുഗന് ഇസ്രയേലിനെ അധിക്ഷേപിച്ചത്.
ഗാസയില്‍ നടന്ന കൂട്ടക്കൊലയ്ക്കു പിന്നിലെ മുഖ്യ കുറ്റവാളികള്‍ പാശ്ചാത്യശക്തികളാണെന്നായിരുന്നു പലസ്തീന് അനുകൂല റാലിയില്‍ ഉര്ദുഗന് പറഞ്ഞത്.”” ഇസ്രയേല്‍ കഴിഞ്ഞ 22 ദിവസമായി പരസ്യമായി യുദ്ധക്കുറ്റം ചെയ്തുകൊണ്ടിരിക്കുന്നു, പക്ഷെ പാശ്ചാത്യ നേതാക്കന്മാരാരും അവരോട് വെടി നിര്‍ത്താൻ പോലും ആവശ്യപ്പെടുന്നില്ല” ഉര്ദുഗന് പറഞ്ഞു.ഇസ്രയേല്‍ യുദ്ധക്കുറ്റവാളിയാണെന്ന് പറഞ്ഞ തുര്‍ക്കി പ്രസിഡന്റ് പലസ്തീനികളെ ഉന്മൂലനം ചെയ്യാനാണ് അവരുടെ ശ്രമമെന്നും ആരോപിച്ചു.
ഇതേത്തുടര്‍ന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി എലി കോഹന് തുര്‍ക്കിയിലുള്ള ഇസ്രയേല്‍ നയതന്ത്ര പ്രതിനിധികളോട് മടങ്ങിപ്പോരാന്‍ ആവശ്യപ്പെടുകയായിരുന്നു.ലോകത്തെ ഏറ്റവും ധാര്മിതയുള്ള സൈന്യം എന്നാണ് ഇസ്രയേല്‍ സേനയെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്. ഹമാസ് ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ 1400ലേറെ പേര് കൊല്ലപ്പെട്ടിരുന്നു. 229 പേരെയാണ് ഹമാസ് ബന്ദികളാക്കി പിടിച്ചു കൊണ്ടു പോയത്.തുടര്‍ന്ന് ഇസ്രയേല്‍ ഗാസ മുനമ്പില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 7500ലേറെ പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.