അങ്കാറ: തുർക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കും അന്പതു ശതമാനം വോട്ട് ലഭിക്കാത്തതിനാൽ മേയ് 28ന് രണ്ടാം വട്ട തെരഞ്ഞെടുപ്പ് നടക്കും.
നിലവിലെ പ്രസിഡന്റ് റെസിപ് തയ്യിപ് എർദോഗൻ പ്രവചനങ്ങൾക്കു വിരുദ്ധമായി തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചു. പ്രവാസികളുടെ 35,874 വോട്ടുകൾ മാത്രാണ് ഇനി എണ്ണാനുള്ളൂവെന്നും ഒരു സ്ഥാനാർഥിയും വിജയിക്കാൻ വേണ്ട അന്പതു ശതമാനം വോട്ട് നേടിയിട്ടില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് ബോർഡ് മേധാവി അഹമ്മദ് യെനർ പറഞ്ഞു.
എർദോഗൻ 49.51 ശതമാനം വോട്ടും മുഖ്യ എതിരാളി കെമാൽ കിളിച്ച്ദൊരോഗ്ലു 44.88 ശതമാനം വോട്ടും നേടി. സിനാൻ വൊഗാൻ 5.17 നേടി മൂന്നാമതെത്തി. പ്രവാസി വോട്ടുകൾ കൂടി കണക്കിലെടുത്താലും എർദൊഗന് 49.54 ശതമാനം വോട്ടുമാത്രമേ ലഭിക്കൂ.
ഇരുപത് വർഷമായി ഭരണത്തിൽ തുടരുന്ന എർദോഗൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നും ജനാധിപത്യ മൂല്യങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകുന്ന കെമാൽ വിജയിക്കുമെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിച്ചിരുന്നത്. പണപ്പെരുപ്പവും അടുത്തിടെയുണ്ടായ ഭൂകന്പവും എർദോഗന്റെ ജനപ്രീതി ഇടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നത്.
ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ കൂടുതൽ ഭൂരിപക്ഷം നേടിയ സ്ഥാനാർഥികൾ തമ്മിലാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ മികച്ച വിജയം നേടിയതിനാൽ, എർദോഗൻ തന്നെ വിജയിക്കാനാണ് സാധ്യത. 2018 ലെ തെരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ തന്നെ 52.6 ശതമാനം വോട്ടുനേടി എർദോഗൻ വിജയിച്ചിരുന്നു.
ഈ തെരഞ്ഞെടുപ്പു ഫലം അന്തിമമല്ലെന്നും രാഷ്ട്രം തങ്ങളെ തന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നും അറുപത്തിയൊന്പതുകാരനായ എർദോഗൻ പറഞ്ഞു.
തുർക്കി പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എർദോഗന്റെ ജസ്റ്റീസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി (എകെപി), നാഷണലിസ്റ്റ് മൂവ്മെന്റ് പാർട്ടി (എംഎച്ച്പി) സഖ്യം മികച്ച വിജയം നേടി. 35 ശതമാനം വോട്ടുവിഹിതം ലഭിച്ച എകെപി പാർട്ടിക്ക് 266 സീറ്റ് ലഭിച്ചു.
600 അംഗ പാർലമെന്റിൽ പാർട്ടി സഖ്യത്തിന് 320 സീറ്റുകൾ ലഭിച്ചു. പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിനും 35 ശതമാനം വോട്ട് ലഭിച്ചു. 13 ലക്ഷം വോട്ടുകൾ അസാധുവായി.