വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ നാടകീയ രംഗങ്ങൾ. വൈറ്റ് ഹൗസിൽ മാധ്യമങ്ങൾക്ക് മുന്നിൽവെച്ച് ഇരുവരും തമ്മിൽ പരസ്യ വാക്ക് പോര് നടന്നു. ചര്‍ച്ചയ്ക്കൊടുവില്‍ വൈറ്റ് ഹൗസ് വിട്ടു പുറത്തു പോകാന്‍ ട്രംപ് സെലൻസ്കിയോട് ആജ്ഞാപിച്ചുവെന്നാണ് റിപ്പോർട്ടുകൾ. തർക്കത്തിനു പിന്നാലെ സംയുക്ത വാർത്താസമ്മേളനം റദ്ദാക്കി.
സുരക്ഷാവ്യവസ്ഥ വേണമെന്ന് പറയാന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്നും മൂന്നാം ലോകമഹായുദ്ധമോ ലക്ഷ്യമെന്നും ട്രംപ് സെലൻസ്കിയോട് ചോദിച്ചു. യുക്രൈന് ഇത്രയും നാള് ഫണ്ട് നല്കിയ ബൈഡനെ വിഡ്ഢിയായ പ്രസിഡെന്റ് എന്നും ട്രംപ് പരിഹസിച്ചു. പിന്നീട് അധിക നേരം ചര്‍ച്ച നീണ്ടില്ല. സംയുക്ത വാര്‍ത്താസമ്മേളനം റദ്ദാക്കി.
സമാധാനം ആവശ്യമെന്ന് തോന്നിയാല്‍ സെലൻസ്കിക്ക് തിരിച്ചു വരാമെന്ന് ട്രംപ് സമൂഹമാധ്യമങ്ങളില്‍ പിന്നീട് കുറിച്ചു. എന്നാല്‍ സെലൻസ്കി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിപറയാന്‍ നിന്നില്ല. പിന്നീട് എക്സില്‍ സെലൻസ്കി അമേരിക്കയോട് നന്ദി പറഞ്ഞു. യുക്രൈന് ആവശ്യം നിലനില്‍ക്കുന്ന സമാധാനമാണ്. അതിനുവേണ്ടിയുള്ള കഠിനാധ്വാനത്തിലാണ് ഞങ്ങളെന്നും സെലെന്‍സ്കി കുറിച്ചു. യുക്രൈനെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ ഒരു ചര്‍ച്ചയാണ് ഇത്തരത്തില്‍ അവസാനിച്ചത്.