തെൽ അവീവ് : പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള നിർണായക ചർച്ചക്കായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നാളെ അമേരിക്കയിൽ. ഗസ്സയിലെ ആക്രമണ പദ്ധതിയും വെടിനിർത്തൽ കരാർ സാധ്യതയുമാകും ട്രംപ്-നെതന്യാഹു ചർച്ചയിൽ പ്രധാനമായും ഇടംപിടിക്കുക.
ബന്ദികളുടെ മോചനത്തിന് തയാറായില്ലെങ്കിൽ ഗസ്സയെ നരകമാക്കുമെന്ന പ്രഖ്യാപനം ട്രംപ് ആവർത്തിക്കുന്നുണ്ടെങ്കിലും ഈജിപ്ത് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം ചർച്ചയിൽ ഉന്നയിക്കപ്പെടുമെന്നാണ് സൂചന. അടുത്ത മാസം ഗൾഫ് പര്യടനം നടക്കാനിരിക്കെ, അറബ് സമ്മർദത്തെ പൂർണമായും ട്രംപ് അവഗണിക്കാൻ ഇടയില്ലെന്നാണ് യു.എസ് മാധ്യമങ്ങളുടെ വിലയിരുത്തൽ. ഇറാൻ ആണവ പദ്ധതി, സിറിയയിലെ തുർക്കി ഇടപെടൽ എന്നിവയും ട്രംപ് നെതന്യാഹു കൂടിക്കാഴ്ചയിൽ ചർച്ചയാകും.
ഹമാസുമായി കരാർ രൂപപ്പെടുത്തി ബന്ദികളുടെ മോചനം ഉറപ്പാക്കാതെ അമേരിക്കയിൽനിന്ന് മടങ്ങരുതെന്നാവശ്യപ്പെട്ട് ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിൽ വൻ റാലി നടന്നു. ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽനിന്ന് തങ്ങൾ കഷ്ടിച്ച് രക്ഷപ്പെട്ടതായി വെളിപ്പെടുത്തുന്ന രണ്ട് ബന്ദികളുടെ വീഡിയോ ഹമാസ് പുറത്തുവിട്ടു.
തെക്കൻ ഗസ്സയിൽ ഇസ്രായേൽ സേന കൂടുതൽ പിടിമുറുക്കിയതോടെ വ്യാപക കൂട്ടക്കുരുതിയാണ് അരങ്ങേറുന്നത്. പിന്നിട്ട 24 മണിക്കൂറിനിടെ 60 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 162 പേർക്ക് പരിക്കേറ്റു.
തെക്കൻ ഗസ്സയിൽ പുതുതായി തുറന്ന സുരക്ഷാ ഇടനാഴിയിലേക്ക് കൂടുതൽ സൈനികരെ ഇസ്രായേൽ നിയോഗിച്ചു. അതിനിടെ, മെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ 14 പേരെ കൊന്നു കുഴിച്ചു മൂടിയ ഇസ്രായേൽ ക്രൂരതയുടെ പുതിയ തെളിവുകൾ പുറത്തുവന്നതോടെ, അന്വേഷണത്തിന് ഉത്തരവിട്ടതായി സേന അറിയിച്ചു. ബ്രിട്ടൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇസ്രായേൽ ക്രൂരതക്കെതിരെ രംഗത്തുവന്ന സാഹചര്യത്തിലാണ് നടപടി.