ഓട്ടവ : രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നതിനായി രൂപീകരിച്ച സഖ്യമായ ഫൈവ് ഐസ് അംഗങ്ങള്‍ക്കിടയില്‍ പങ്കുവെച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയ്ക്കെതിരെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ആരോപണം ഉന്നയിച്ചതെന്ന് കാനഡയിലെ യുഎസ് അംബാസഡര്‍ ഡേവിഡ് കോഹന്. ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ഞാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നാണ് കനേഡിയന്‍ പ്രധാനമന്ത്രി ആരോപിച്ചത്.
ഓസ്ട്രേലിയ, കാനഡ, ന്യൂസിലന്‍ഡ്, യുകെ, യുഎസ് എന്നി രാജ്യങ്ങള്‍ തമ്മില്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നതിനായി രൂപീകരിച്ച സഖ്യമാണ് ഫൈവ് ഐസ്. സഖ്യത്തില്‍ നിന്നും കൈമാറി കിട്ടിയ വിവരങ്ങള്‍ ഉപയോഗിച്ചാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ഇന്ത്യയ്ക്കെതിരെ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയതെന്ന് സിടിവി ന്യൂസിന് നല്കിയ അഭിമുഖത്തില്‍ കോഹന് പറഞ്ഞു.
ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ കാനഡയിലുള്ള ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ പങ്കിനെ കുറിച്ച് കനേഡിയന്‍ സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിജ്ജാറിന്റെ മരണത്തെക്കുറിച്ചുള്ള ഒരു മാസത്തെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, കാനഡയിലുള്ള ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ അടക്കമുള്ളവര്‍ നടത്തിയ ആശയവിനിമയം ഉള്‍പ്പെടെയാണ് കനേഡിയന്‍ സര്‍ക്കാര്‍ ശേഖരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ജസ്റ്റിന് ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരിക്കുകയാണ്. കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ കനേഡിയന്‍ പൗരന്മാര്ക്ക് വിസ നല്‍കുന്നത് ഇന്ത്യ അനിശ്ചിത കാലത്തേയ്ക്ക് നിര്‍ത്തിവെച്ചിരുന്നു. ഇ- വിസ അടക്കം ഒരു തരത്തിലുള്ള വിസയും അനുവദിക്കില്ല എന്ന തരത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന തീരുമാനത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുകയാണ്.