ടൊവിനോ തോമസിനെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ‘നടികർ’ സിനിമയുടെ ടീസർ എത്തി. മമ്മൂട്ടിയാണ് ടീസർ റിലീസ് ചെയ്തത്. ചിത്രത്തിൽ സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആയാണ് ടൊവിനോ എത്തുന്നത്. ഭാവനയാണ് നായിക. ടൊവിനോയ്ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിൻ ഷാഹിറാണ്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികർ സിനിമയ്ക്കുണ്ട്. മെയ് മൂന്നിന് ചിത്രം റിലീസ് ചെയ്യും.
ഡ്രൈവിംഗ് ലൈസൻസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രം അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡാണ് നിർമിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.